ഭാഷാ വ്യാകരണ പണ്ഡിതനും സാഹിത്യ ചരിത്രകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍ അന്തരിച്ചു

സാഹിത്യ ചരിത്രകാരനും ഭാഷാ വ്യാകരണ പണ്ഡിതനും അധ്യാപകനുമായിരുന്ന പ്രൊഫ . പന്മന രാമചന്ദ്രന്‍നായര്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് തിരുവനന്തപുരം വഴുതക്കാട് ഗാന്ധിനഗറിലെ (116) സ്വവസതിയായ കൈരളിയില്‍ ചൊവ്വാഴ്ച രാത്രി 8.30ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍. ഭാര്യ: കെ.എന്‍. ഗോമതിയമ്മ. മക്കള്‍: ഹരീന്ദ്രകുമാര്‍ (ഫാമിങ് കോര്‍പറേഷന്‍ മുന്‍ എം.ഡി), ഡോ.കെ.ആര്‍.ജി. ഉഷാകുമാരി (ധനുവച്ചപുരം എന്‍.എസ്.എസ് കോളജ് ചരിത്രവിഭാഗം മുന്‍ അധ്യക്ഷ), മഹേന്ദ്രകുമാര്‍ (യു.എസ്.എ), മരുമക്കള്‍: ശ്രീലേഖ (പി.ഡബ്ല്യു.ഡി എന്‍ജിനീയര്‍), എം. രാജ്കുമാര്‍ (മാനേജ്മന്റെ് കണ്‍സള്‍ട്ടന്റ്).
1931 ആഗസ്റ്റ് 13ന് കണ്ണകത്ത് കുഞ്ചുനായരുടെയും കളീലില്‍ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പന്മനയിലായിരുന്നു ജനനം. കൊല്ലം എസ്.എന്‍ കോളജില്‍നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടി. 1957ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് എം.എ മലയാളം ഒന്നാം റാങ്കോടെ വിജയിച്ചു. ശൂരനാട് കുഞ്ഞന്‍പിള്ള എഡിറ്റര്‍ ആയിരുന്ന കേരള സര്‍വകലാശാല ലെക്‌സിക്കനില്‍ രണ്ടുവര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് പാലക്കാട് വിക്ടോറിയ കോളജില്‍ മലയാള അധ്യാപകനായി. 1958ല്‍ ഗ്രന്ഥശാലാസംഘത്തില്‍ അംഗമായ പന്മന തുടര്‍ന്ന് ഗ്രന്ഥാലോകത്തിന്റെ സഹപത്രാധിപരായി.
1987ല്‍ യൂണിവേഴ്‌സിറ്റി കോളജ് മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു. ഭാഷാസംബന്ധിയായതും ബാലസാഹിത്യ കൃതികളുമുള്‍പ്പെടെ 20 പുസ്തകങ്ങള്‍ രചിച്ചു. 2010ല്‍ 'സ്മൃതിരേഖകള്‍' എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. മലയാളവും മലയാളികളും, തെറ്റില്ലാത്ത മലയാളം, തെറ്റില്ലാത്ത ഉച്ചാരണം, തെറ്റും ശരിയും, ശുദ്ധമലയാളം തുടങ്ങിയവ പ്രസിദ്ധമാണ്. നാരായണീയത്തിന് മികച്ച വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ പുരസ്‌കാരം ലഭിച്ചു.
സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ പുരസ്‌കാരം, ഇളംകുളം കുഞ്ഞന്‍പിള്ള പുരസ്‌കാരം, സംസ്ഥാന സര്‍ക്കാറിന്റെ ബാലസാഹിത്യ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























