പൊതുജനാരോഗ്യരംഗത്ത് സർക്കാർ കൈക്കൊണ്ട ജനപക്ഷ നടപടികളുടെ ഉദാഹരണം ; തൊടുപുഴയിലെ ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിർമാണം അന്ത്യഘട്ടത്തിൽ

തൊടുപുഴയിലെ ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിർമാണം അന്ത്യഘട്ടത്തിൽ. പൊതുജനാരോഗ്യത്തിന് എൽഡിഎഫ് സർക്കാർ നൽകുന്ന പരിഗണയുടെ സാക്ഷ്യപത്രമായി ഉയരുന്ന ഏഴുനില മന്ദിരം ജില്ലയിലെ ആതുരമേഖലയ്ക്ക് പുതിയ മുഖം നൽകും.
ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ കിടപ്പുചികിത്സക്കാർക്ക് വൈകാതെ പുതിയ ബ്ലോക്കിലേക്ക് മാറാനാകും. അത്യാഹിത വിഭാഗം, ട്രോമ കെയർ, മെഡിക്കൽ ഐസിയു, ഭരണവിഭാഗം എന്നിവ ഈ ബ്ലോക്കിലാവും ഇനി പ്രവർത്തിക്കുക. അർബുദ രോഗികൾക്കുള്ള കീമോ തെറാപ്പി യൂണിറ്റ് പ്രവർത്തനക്ഷമമാകാൻ അധികനാൾ വേണ്ടിവരില്ല. പ്ലംബിങ്, വയറിങ് ജോലികൾ പൂർത്തിയായി. അവശേഷിക്കുന്നത് എയർ കണ്ടീഷണർ സ്ഥാപിക്കുന്ന പ്രവൃത്തി മാത്രം. ജോലി ക്രമീകരണത്തിന്റെ ഭാഗമായി ഇതിനകം ഡോക്ടറെ നിയമിച്ചു. ശുചീകരണ തൊഴിലാളികളെക്കൂടി നിയമിച്ചാൽ എട്ട് കിടക്കകളുള്ള കീമോ തെറാപ്പി യൂണിറ്റ് സുസജ്ജം.
അടുത്തനാളിൽ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത റോട്ടറി ക്ലബ്ബിന്റെ ഡയാലിസിസ് യൂണിറ്റുകൂടി ചേർത്താൽ ആശുപത്രിയിൽ ഒരേസമയം 15 രോഗികൾക്ക് ചികിത്സ നേടാനാകും. ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കുന്ന ഇൻസിനേറ്റർ ഇപ്പോൾതന്നെ പ്രവർത്തനക്ഷമമാണ്. കിടക്കവിരികൾ അടക്കമുള്ളവ ഇനി പുറത്തുകൊണ്ടുപോയി കഴുകേണ്ടതില്ല. അതിനുള്ള പവർ ലോൺട്രിയും വൈകാതെ പ്രവർത്തനക്ഷമമാകും.
ഒരേസമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന സൗകര്യവും ജില്ലാ ആശുപത്രിയിൽ ഒരുങ്ങുകയാണ്.
മലിനജലം സംസ്കരിക്കുന്ന പ്ലാന്റിനായി 60 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടി പ്രാവർത്തികമായാൽ തൊടുപുഴ ജില്ലാ ആശുപത്രിയെ കാത്തിരിക്കുന്നത് ദേശീയ അംഗീകാരം. കുതിച്ചുയരുന്ന ചികിത്സാ ചെലവ് താങ്ങാൻ കഴിയാതെ ക്ലേശിക്കുന്ന മലയോര ജനതയ്ക്ക് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലൊരുങ്ങുന്ന സൗകര്യങ്ങൾ ആശ്വാസമാകും. ജില്ലാ ആശുപത്രിയിൽ ജീവനക്കാരുടെ വിന്യാസത്തിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക ശ്രദ്ധ നേഴ്സുമാരടക്കമുള്ളവർ ആവശ്യപ്പെടുന്നുണ്ട്. വൈദഗ്ധ്യം നേടിയ ഡോക്ടർമാരുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തിയാൽ തൊടുപുഴ ജില്ലാ ആശുപത്രിക്ക് പുതുമുഖം ലഭിക്കും. പൊതുജനാരോഗ്യരംഗത്ത് എൽഡിഎഫ് സർക്കാർ കൈക്കൊണ്ട ജനപക്ഷ നടപടികളുടെ ഉദാഹരണമായി മാറുകയാണ് തൊടുപുഴയിലെ ജില്ലാ ആശുപത്രി.
https://www.facebook.com/Malayalivartha























