പി.ജെ. കുര്യനെ തള്ളിയിയിട്ട് ഇപ്പോള്‍ എംപിയാകുമെന്ന് പ്രതീക്ഷിച്ച എം.എം. ഹസന്‍, വി.എം. സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, പി.സി. വിഷ്ണുനാഥ്, പി.സി. ചാക്കോ എന്നിവര്‍ ഞെട്ടിപ്പോയി

കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭാ എംപി സ്ഥാനം മോഹിച്ചപ്പോള്‍ ഒരിക്കലും മാണി ഗ്രൂപ്പ് പാരയാകുമെന്ന് വിചാരിച്ചില്ല. ഇത് തിരിച്ചറിഞ്ഞ പിജെ കുര്യന്‍ മാത്രം രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. രാജ്യസഭാ സീറ്റിനു വേണ്ടി താന്‍ പിടിവലിക്കില്ലെന്നും മുന്നണിയില്‍ തുടരുമെന്ന് ഗാരന്റി പറയാന്‍ കഴിയാത്ത കേരള കോണ്‍ഗ്രസിനു സീറ്റ് നല്‍കരുതെന്നും പി.ജെ. കുര്യന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്നലെ രാവിലെയാണ് കത്തയച്ചത്. താന്‍ നിര്‍ദ്ദേശിക്കുന്ന ആറുപേരില്‍ ഒരാളെ പരിഗണിക്കണമെന്നും കുര്യന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എം.എം. ഹസന്‍, വി.എം. സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, പി.സി. വിഷ്ണുനാഥ്, പി.സി. ചാക്കോ എന്നിവരില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്നാണ് കുര്യന്‍ കത്തില്‍ എഴുതിയത്. അതേസമയം രാഹുലിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. കേരള നേതാക്കള്‍ വൈകിട്ട് രാഹുലിനെ കാണുന്നതിന് മുന്‍പേ കുര്യന്റെ കത്ത് ലഭിച്ചിരുന്നു.
അതിനിടെ ഒരു വേള ശക്തിചോര്‍ന്ന കെ.എം. മാണി അതിശക്തനായി യു.ഡി.എഫില്‍ തിരിച്ചുവരികയാണ്. കൈ നനയാതെ ഒരു രാജ്യസഭാ സീറ്റ് കീശയിലാക്കി പൊട്ടിച്ചിരിക്കുകയാണ് അദ്ദേഹവും പാര്‍ട്ടി അണികളും. പി.ജെ. കുര്യന്‍ കാത്തുസൂക്ഷിച്ചുവച്ച കസ്തൂരി മാമ്പഴം പോലത്തെ സീറ്റ് പിടിച്ചുവാങ്ങാന്‍ ഇറങ്ങിയ യുവ കോണ്‍ഗ്രസുകാരെ അമ്പരപ്പിച്ചുകൊണ്ടാണ് മാണി അത് പാട്ടിലാക്കിയത്. യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് സീറ്റ് നല്‍കിയതെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. പക്ഷേ, കോണ്‍ഗ്രസിലാകെ അമര്‍ഷം കത്തുകയാണ്. കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കുന്ന ഏര്‍പ്പാടാണിതെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തല്‍.
സീറ്റ് തനിക്ക് കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ രാജ്യസഭാ അദ്ധ്യക്ഷന്‍കൂടിയായ പി.ജെ. കുര്യന്‍ വി.എം. സുധീരന് മുന്‍തൂക്കം കിട്ടുംവിധം ആറുപേരുകള്‍ പകരം നിര്‍ദ്ദേശിച്ചതും വെറുതേയായി. സുധീരന് സീറ്റ് കൊടുക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത സംസ്ഥാന നേതൃത്വം കളിച്ച കളിയുടെ ക്ലൈമാക്‌സ് കൂടിയാണ് ഈ സീറ്റുമാറ്റം. ഇതില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വളരെ വലുതാണ്. കോണ്‍ഗ്രസിനെ വരച്ച വരയില്‍ നിറുത്താന്‍ പറ്റിയ അവസരമായി അദ്ദേഹവും കണക്കാക്കി. കുഞ്ഞാലിക്കുട്ടിയും മാണിയും ഒരുമിച്ചുനിന്നപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മുട്ടുമടക്കിയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മാണിക്ക് സീറ്റ് നല്‍കിയത് ആത്മഹത്യാപരമാണെന്നാണ് സുധീരന്‍ പറഞ്ഞത്. അതിന് പിന്തുണയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവരും മുന്നോട്ടുവന്നു. യുവനേതാക്കള്‍ രാഹുലിന് പ്രതിഷേധക്കത്തും അയച്ചു. എന്തു ഫലം. മാണി സ്വന്തമാക്കിയ ഈ സീറ്റ് ഇനി തിരിച്ചുകിട്ടുമോ? ഒരിക്കല്‍ കൈവിട്ടത് തിരിച്ചെടുക്കുക യു.ഡി.എഫിന്റെ ചരിത്രത്തിലില്ലാത്ത കാര്യമാണ്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പു വരെ യു.ഡി.എഫുമായി അകലം പാലിച്ചുനിന്ന മാണി വിഭാഗം യു.ഡി.എഫിന് ഒടുവില്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഒരു കാര്യവുമുണ്ടായില്ല. പക്ഷേ, ആ വരവ് കേരള കോണ്‍ഗ്രസ് എമ്മിന് വന്‍ നേട്ടമായി.
https://www.facebook.com/Malayalivartha























