ശശികല സജീവ രാഷ്ട്രീയത്തിലേയ്‌ക്കോ ? കടിഞ്ഞാണിടാൻ ഇപിഎസ് ..

നാല് വർഷത്തെ ജയിൽ വാസത്തിന് ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ ശശികല, ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ് . അതേസമയം ശശികലയുടെ രാഷ്‌ട്രീയ നീക്കങ്ങൾ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് തമിഴ്‌നാട് സർക്കാർ..
ഭരണകക്ഷിയുമായുള്ള ഏറ്റുമുട്ടലുകള്‍ തുടരവേയാണ് തമിഴ് മണ്ണിലേക്ക് ജയലളിതയുടെ ഉറ്റതോഴിയുടെ മടങ്ങിവരവ്. താന്‍ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുമെന്നും പൊതു ശത്രുവിനെതിരെ പോരാടുമെന്നും ആണ് 65 കാരിയായ ശശികല പറയുന്നത്
അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ശശികല ജയിൽശിക്ഷ അനുഭവിച്ചത്.. ബിനാമി ഇടപാടുകളിൽ ശശികലയും അടുപ്പക്കാരും വാങ്ങിക്കൂട്ടിയ സ്വത്തുക്കൾ സർക്കാർ ഒന്നൊന്നായി കണ്ടുകെട്ടുകയാണ്. ചെന്നൈ നഗരത്തിലുള്ള സ്വത്തുക്കളടക്കം തമിഴ്‌നാട് സർക്കാർ കണ്ടുകെട്ടി..
ശശികല ചെന്നൈയിൽ എത്തുന്നതിന് മുൻപ് 100 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.. ശശികലയുടെ കൂട്ടുപ്രതികളായ ഇളവരശി, വിഎൻ സുധാകരൻ എന്നിവരുടെ പേരിൽ ചെന്നൈയിലുള്ള ആറ് സ്വത്തുവകകൾ ആണ് സർക്കാർ കണ്ടുകെട്ടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ചെന്നൈ നഗരത്തിലെ ബംഗ്ലാവും ഭൂമിയുമാണ് കണ്ടുകെട്ടിയത്.
ഇപ്പോൾ ശശികലയുടെ 400 കോടിയുടെ സ്വത്ത് കൂടി തമിഴ്‍നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയിരിക്കുകയാണ് . തൂത്തുക്കുടിയിലെ 800 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 24 മണിക്കൂറിനിടെ 650 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്.
ശശികലയുടെ സഹോദരൻ്റെ ഭാര്യയായ ഇളവരശി, സഹോദരീ പുത്രൻ ടിടിവി ദിനകരന്റെ സഹോദരൻ സുധാകരൻ്റെയും ഉടമസ്ഥതയിൽ മെഡോ അഗ്രോ ഫാമുകൾ, സിഗ്നോറ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കടലാസ് കമ്പനികളുടെ പേരിലായിരുന്നു കണ്ടുകെട്ടിയ സ്വത്തുക്കൾ.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ചെന്നൈയിൽ എത്തിയ ശശികലയുടെ രാഷ്‌ട്രീയ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് സർക്കാർ.. അതേസമയം സജീവ രാഷ്ട്രീയത്തിലേക്കെന്ന് വ്യക്തമാക്കി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എന്ന് അവകാശപ്പെട്ട് പാര്‍ട്ടി യോഗം വിളിക്കാനാണ് ശശികലയുടെ നീക്കം.
123 പേരില്‍ അറുപത് എംഎല്‍എമാര്‍ പിന്തുണ അറിയിച്ചതായാണ് അവകാശവാദം.സഹോദരി ഇളവരിശിയുടെ മകളുടെ വസതിയിലാണ് ശശികല കഴിയുന്നത്. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ശേഷം പാര്‍ട്ടി ആസ്ഥാനവും ജയ സമാധി റാലി നടയും സന്ദര്‍ശിക്കാനാണ് തീരുമാനം
ശശികലയ്ക്ക് യാത്ര ചെയ്യാന്‍ പാര്‍ട്ടി കൊടിവെച്ച വാഹനം നല്‍കിയ യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പടെ ഏഴുപേരെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കി. അണ്ണാഡിഎംകെയെ വഞ്ചിച്ചവരാണ് ശശികലയ്ക്ക് സഹായം നല്‍കിയവരെന്ന് ഇപിഎസ് ആരോപിച്ചു. വിമത നേതാക്കളെ അനുനയിപ്പിക്കാന്‍ വിശ്വസ്ഥരെ ഇപിഎസ് ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
.ഈ സാഹചര്യത്തില്‍ ശശികലയുടെ മടങ്ങിവരവ് ഭരണകക്ഷിയെ എങ്ങനെ സ്വാധീനിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.....
https://www.facebook.com/Malayalivartha























