നാല് പൊതു മേഖലാ ബാങ്കുകള്‍ കൂടി കേന്ദ്രം സ്വകാര്യവത്കരിക്കുന്നു

വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴുക്കുമെന്നും കൂടുതല്‍ സ്വകാര്യവത്കരണം നടപ്പിലാക്കുമെന്നുമുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നാല് പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. സ്വകാര്യവത്കരണത്തിനായുള്ള ചുരുക്ക പട്ടികയില്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് അന്താരാഷ്ട്ര ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം സര്‍ക്കാരിന്റെ ഇതേ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ആദ്യഘട്ടമായി ചെറുകിട ഇടത്തരം ബാങ്കുകളെയും പിന്നീട് വലിയ ബാങ്കുകളെയും സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ധനമന്ത്രാലയ വക്താവ് പ്രതികരിക്കാന്‍ വിസ്സമ്മത്തിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ബാങ്കുകളില്‍ മാത്രം ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ നിലവിലുള്ളതായാണ് ബാങ്ക് യൂണിയനുകളുടെ കണക്കുകള്‍. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാനാണ് ഇത്തരം പരിഷ്‌കാര നടപടികളെന്ന് സര്‍ക്കാര്‍ മുന്‍പേ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























