ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധം; വാഹനങ്ങളില്‍ ഫാസ്റ്റ്ടാഗ് ഘടിപ്പിക്കാത്തവര്‍ ഇനി മുതല്‍ ടോളിന്റെ ഇരട്ടിതുക നല്‌കേണ്ടി വരും

രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധം. വാഹനങ്ങളില്‍ ഫാസ്റ്റ്ടാഗ് ഘടിപ്പിക്കാത്തവര്‍ ഇനി മുതല്‍ ടോളിന്റെ ഇരട്ടിതുക നല്‌കേണ്ടി വരും. ജനുവരി 1 മുതലായിരുന്നു ഇതിന് മുന്‍പ് ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ പിന്നീട് ഫെബ്രുവരി 15 വരെ പിന്നീട് ഇത് നീട്ടുകയായിരുന്നു. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ 2019 ഒക്‌ടോബറില്‍ തന്നെ ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. 2017 ഡിസംബര്‍ ഒന്ന് മുതല്‍ക്ക് നിരത്തിലോടി തുടങ്ങിയ വാഹനങ്ങള്‍ക്കും ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു.
ദേശീയ പാതയില്‍ കൂടി പോകുന്ന വാഹനങ്ങളില്‍ 80 ശതമാനത്തോളം വാഹനങ്ങളും ഫാസ്റ്റ്ടാഗ് ഉപയോഗിച്ചാണ് ടോള്‍ നല്കുന്നത്. ഇത് 100 ശതമാനമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ദേശീയ പാതയില്‍ കൂടി പോകാന്‍ ഉദ്ദേശിക്കുന്ന വാഹനങ്ങള്‍ക്കെല്ലാം ഇത് നിര്‍ബന്ധമാക്കിയത്. പല തവണ സമയം നീട്ടിനല്കിയെന്നും ഇനിയും നീട്ടാനാകില്ലെന്നും കേന്ദ്ര ഗതാതഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ടോള്‍ പ്ലാസകളെ ഡിജിറ്റലാക്കുക, ഇന്ധനം ലാഭിക്കുക, തടസ്സമില്ലാതെയുള്ള സുഗമമായ യാത്ര എന്നിവ ഉദ്ദേശിച്ചാണ് ഫാസ്റ്റ് ടാഗ് സംവിധാനം കൊണ്ടുവന്നിട്ടുള്ളത്.
https://www.facebook.com/Malayalivartha























