കര്‍ഷക പ്രക്ഷോഭം തുടരുന്ന വേളയിൽ ബി.ജെ.പിക്ക് വമ്പൻ തിരിച്ചടി ; പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മുന്നേറ്റം

കര്‍ഷക പ്രക്ഷോഭം തുടരുന്ന വേളയിൽ ബി.ജെ.പിക്ക് വമ്പൻ തിരിച്ചടി നൽകി പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം കോണ്‍ഗ്രസ് മുന്നേറുകയാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ പരമ്പരാഗത ശക്തി കേന്ദ്രങ്ങള്‍ പോലും ബി.ജെ.പിക്കൊപ്പം നിന്നില്ല . കാര്‍ഷിക പ്രശ്നത്തെ തുടര്‍ന്ന് എന്‍.ഡി.എ വിട്ട ശിരോമണി അകാലിദളില്ലാതെ ബി.ജെ.പി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഫെബ്രുവരി 14നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എട്ട് കോര്‍പറേഷനുകളില്‍ എട്ടിടത്തും 109 കൗണ്‍സിലുകളില്‍ 63 ഇടത്തും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. എട്ടിടത്ത് ശിരോമണി അകാലിദളും രണ്ടിടത്ത് ആംആദ്മിയും മുന്നിട്ട് നില്‍ക്കുന്നുണ്ട്. പത്താന്‍കോട്ട്, ഹോഷിയാര്‍പൂര്‍, ബതിന്‍ഡ, രോപര്‍, ബട്ടാല അടക്കമുള്ള മുനിസിപ്പാലിറ്റികളില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി. ഏറിയസ്ഥലത്തും ശിരോമണി അകാലിദളിനും ആംആദ്മി പാര്‍ട്ടിക്കും പിന്നിലായാണ് ബി.ജെ.പി ഫിനിഷ് ചെയ്തത്. ഹോഷിയാര്‍പൂരില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ തിക്ഷണ്‍ സൂദിന്‍റെ ഭാര്യ പരാജയപ്പെട്ടു. അന്തിമഫലസൂചനകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കോണ്‍ഗ്രസ് ക്യാമ്ബുകളില്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























