സർവകാല റെക്കോർഡ് തകർത്ത് ബിറ്റ്കോയിൻ; ഒരു കോയിന് വില 37.43 ലക്ഷം രൂപ.. ഇന്ത്യയിൽ നിരോധിക്കുമോ എന്ന പേടിയിൽ നിക്ഷേപകർ...

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിന്‍റെ വില കുതിച്ചുയരുകയാണ്. ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ..കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ് ഈ കോയിൻ . എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.
ബുധനാഴ്ച ബിറ്റ്കോയിനിന്റെ വില ആറ് ശതമാനം ഉയർന്ന് 51,431 ഡോളറിലെത്തിയിരിക്കുകയാണ് . ഇന്ത്യൻ കറൻസി മൂല്യം ഏകദേശം 37.43 ലക്ഷം രൂപ വരുമിത്. ബിറ്റ്കോയിനിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ക്രിപ്റ്റോകറൻസിക്ക് മുഖ്യധാരാ നിക്ഷേപകർക്കിടയിൽ സ്വീകാര്യത ലഭിക്കുന്നതാണ് വില ഉയരുന്നതിനുള്ള പ്രധാന കാരണം. കഴിഞ്ഞ ആഴ്ച ടെസ്‍ല സ്ഥാപകനും ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനുമായ എലൻ മസ്ക് ബിറ്റ്‍കോയിനിൽ 1.5 ബില്യൺ ഡോളർ (10,000 കോടി രൂപ) നിക്ഷേപിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെ ബിറ്റ്‍കോയിൻ വില കുതിച്ചുയർന്നു. ഫെബ്രുവരിയുടെ തുടക്കത്തിൽ ഏകദേശം 33,000 ഡോളറിൽ വ്യാപാരം നടന്നിരുന്ന ബിറ്റ്കോയിൻ വില പിന്നീട് 50,576.33 ഡോളർ വരെ എത്തി. ബിറ്റോകയിൻ വില ഉടൻ തന്നെ 70,000 ഡോളർ വരെ ഉയരുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ ഇന്ത്യ തയാറെടുക്കുന്നതിനിടെയാണ് കോയിനിന്റെ വില അനിയന്ത്രിതമായി കുതിച്ചുയരുന്നതെന്ന് ശ്രദ്ധേയമാണ്. ബിറ്റ്കോയിൻ കുതിച്ചുയരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇതിൽ മൈക്രോ സ്ട്രാറ്റജി ആരംഭിക്കുകയും ടെസ്‍ല ജനപ്രിയമാക്കുകയും ചെയ്ത പ്രവണതയാണ് ഏറ്റവും പ്രധാനം.
അതേസമയം ക്രിപ്റ്റോ ലോകത്ത് എപ്പോഴെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അതൊരു മുന്നറിയിപ്പ് അടയാളമാണെന്ന് ഓണ്ട ഏഷ്യ പസഫിക് പ്രൈവറ്റ് സീനിയർ മാർക്കറ്റ് അനലിസ്റ്റ് ജെഫ്രി ഹാലി പറഞ്ഞു.
ലോകത്തൊരു കേന്ദ്ര ബാങ്കിന്റെയും അംഗീകാരം ലഭിച്ചിട്ടില്ലാത്ത ബിറ്റ്കോയിനിന്റെ വിലയിൽ വൻ ചാഞ്ചാട്ടങ്ങൾ പ്രകടമായതോടെ ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്....
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യും കേന്ദ്രസർക്കാരും ഇന്ത്യയിൽ ബിറ്റ്‌കോയിൻ അടക്കം ക്രിപ്‌റ്റോകറൻസി നിരോധനം ഉടൻ ഉണ്ടാകുമെന്ന് ഒരേ സ്വരത്തിൽ സൂചന നൽകുന്നത് ക്രിപ്റ്റോകറൻസി നിക്ഷേപകരിൽ ആശങ്ക ഉണർത്തുന്നുണ്ട് . എന്നാൽ നിരോധനം ഫലപ്രദമാകില്ലെന്നും മുമ്പ് വിലക്ക് നിലനിന്നപ്പോഴും ബിറ്റ്‌കോയിൻ വ്യാപാരം ഇന്ത്യയിൽ സജീവമായി നടന്നിരുന്നതായും ദീർഘകാലമായി ഈ രംഗത്തുള്ള ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ക്രിപ്റ്റോകറൻസി നിരോധിക്കപ്പെടുകയാകുമോ, നിയന്ത്രിക്കപ്പെടുകയാകുമോ ഉണ്ടാകുക എന്നു വ്യക്തമല്ല. 2018ലും ക്രിപ്റ്റോകറൻസി നിരോധിക്കുകയല്ല മറിച്ച് അവയുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങൾ നൽകുന്നതു തടയുകയാണ് ആർബിഐ ചെയ്തത്
അതേസമയം നിരോധനം പ്രാബല്യത്തിൽ വന്നാൽ കൈമാറ്റവും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും നിയമ വിരുദ്ധമാകും. ശിക്ഷാ നടപടികളും അനന്തര ഫലങ്ങളും എന്താവുമെന്ന് വ്യക്തമായിട്ടില്ലാത്തതിനാൽ അനിശ്ചിതത്വം മുന്നിൽകണ്ട് ചെറുകിട നിക്ഷേപകർ ബിറ്റ്‌കോയിൻ വിറ്റൊഴിഞ്ഞ് മറ്റു മേഖലകൾ തേടിത്തുടങ്ങി
https://www.facebook.com/Malayalivartha























