ജീവിത കഥ പറയുന്ന ത്രീ ഡി ചിത്രത്തിന്റെ റിലീസും ഇഷ്ട ദേവിക്ക് രണ്ടര കിലോ സ്വര്‍ണ്ണവും, തെലങ്കാന മുഖ്യമന്ത്രിയുടെ പിറന്നാളാഘോഷം ഇങ്ങനെയൊക്കെ

ഇഷ്ട ദേവതക്ക് രണ്ടര കിലോ സ്വര്‍ണ്ണവും പിറന്നാള്‍ ദിനത്തില്‍ തന്റെ ജീവിത കഥ പറയുന്ന ത്രീ ഡി ചിത്രത്തിന്റെ റിലീസുമായി തെലങ്കാന മുഖ്യമന്ത്രിയുടെ ജന്മദിനാഘോഷം വ്യത്യസ്തമാവുകയാണ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ അറുപത്തിയെട്ടാം പിറന്നാള്‍ ആഘോഷമാണ് പൊടിപൊടിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഘോഷത്തിന് പുറമേ ആണ് ഇത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നഴ്‌സറികളില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ രൂപം പൂക്കള്‍ കൊണ്ട് ഉണ്ടാക്കിയും മരതൈകള്‍ നട്ടും മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനം ആഘോഷിക്കുകയാണ്. തെലങ്കാനക്ക് പുറമേ ആന്ധ്രപ്രദേശിലും ചന്ദ്രശേഖര്‍ റാവുവിന്റെ ജന്മദിനാഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജീവിത കഥ പ്രമേയമായ ത്രീ ഡി ചിത്രവും പിറന്നാളിന്റെ ഭാഗമായി പുറത്ത് ഇറക്കിയിട്ടുണ്ട്. ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ കെ കവിതയും തെലങ്കാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി തലസാനി ശ്രീനിവാസ് യാദവും ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇഷ്ടദേവിയായ യെല്ലമ്മക്ക് രണ്ടര കിലോ ഭാരമുള്ള സ്വര്‍ണ്ണത്തില്‍ തീര്‍ത്ത സാരി നല്കിയത്. പിറന്നാള്‍ ദിനത്തില്‍ ബോളിവുഡ് താരങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒരു കോടിയോളം മരതൈകള്‍ നടുന്ന ചടങ്ങും മുഖ്യമന്ത്രിയുടെ മരുമകനും രാജ്യസഭാംഗവുമായ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























