പെട്രോള്‍ വില കൂടാന്‍ കാരണം മുന്‍ സര്‍ക്കാരുകളെന്ന് പ്രധാനമന്ത്രി; പ്രസ്താവന തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഓണ്‍ലൈന്‍ പരിപാടിയില്‍

രാജ്യത്ത് പെട്രോള്‍ വില വര്‍ദ്ധിക്കുന്നതിന് കാരണം മുന്‍ സര്‍ക്കാരുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിക്ക് മുന്നോടിയായുള്ള ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്തം മുന്‍ സര്‍ക്കാരുകള്‍ക്കാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇന്ധന ഇറക്കുമതി ആശ്രയം വര്‍ദ്ധിച്ചതാണ് എണ്ണ വില വര്‍ദ്ധിക്കാനുള്ള കാരണം. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. ഈ വിഷയം നേരത്തെ പരിഗണിച്ചിരുന്നുവെങ്കില്‍ മദ്ധ്യവര്‍ഗ്ഗത്തിലുള്ളവര്‍ ഇന്ന് ഇത്രത്തോളം ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ല. 2019-20സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് അകെ ആവശ്യമുള്ള ഗ്യാസിന്റെ 53 ശതമാനവും പെട്രോളിന്റെ 85 ശതമാനവുമാണ് ഇറക്കുമതി ചെയ്തത്. എണ്ണ ഇറക്കുമതി കുറച്ചാല്‍ വിലക്കയറ്റം നിയന്ത്രിക്കാനാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം തുടര്‍ച്ചയായി പതിനൊന്നാം ദിവസമാണ് രാജ്യത്ത് പെട്രോളിന് വില വര്‍ദ്ധിക്കുന്നത്. പത്ത് ദിവസത്തിനിടെ പെട്രോളിന് 2 രൂപ 93 പൈസയും ഡീസലിന് 3 രൂപ 30 പൈസയുമാണ് വര്‍ദ്ധിച്ചത്. രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പെട്രോള്‍ വില മദ്ധ്യപ്രദേശിലാണ്. രാജസ്ഥാനെ കടത്തിവെട്ടി ഇന്ന് മദ്ധ്യപ്രദേശിലെ അനുപ്പൂരില്‍ പെട്രോളിന് 100.25 രൂപയായി. പ്രീമിയം പെട്രോളിന് നേരതെ മദ്ധ്യപ്രദേശില്‍ 100 കടന്നിരുന്നു. ഇവിടത്തെ പമ്പുകളില്‍ മൂന്നക്ക വില കാണിക്കാന്‍ സൗകര്യമില്ലാത്ത മെഷീനുകള്‍ മാറ്റേണ്ട സാഹചര്യമാണ് ഉള്ളത്.
https://www.facebook.com/Malayalivartha























