പെട്രോൾ വാങ്ങാനായി നേപ്പാളിലേക്ക് ഇന്ത്യക്കാർ ഓടിയെത്തുന്നു... ഇന്ത്യയെ അപേക്ഷിച്ച് നേപ്പാളിലെ വിലയിൽ 30% കുറവ്...

യാതൊരു നിവർത്തിയും ഇല്ലേൽ ജനങ്ങൾ പിന്നെ എന്ത് ചെയ്യും? ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്നാണല്ലോ പറയാറുള്ളത്. രാജസ്ഥാനിലും മധ്യപ്രദേശിലുമടക്കം ഇന്ത്യയില്‍ പലയിടങ്ങളിലും പെട്രോള്‍ ഡീസല്‍ വില സെഞ്ചറി അടിച്ചതോടെ ജീവിതച്ചിലവ് കൂട്ടിമുട്ടിക്കാനായി വിവിധ വഴികള്‍ തേടുകയാണ് ജനങ്ങള്‍.
നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് പെട്രോള്‍ വാങ്ങാനായി അതിര്‍ത്തി കടന്ന് നേപ്പാളിലെത്തി ഇന്ധനം വാങ്ങുന്നത് ഇപ്പോൾ പതിവു കാഴ്ചയായി മാറിയിരിക്കുകയാണ്.
നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. വിലക്കുറവ് ഫലത്തില്‍ ഇന്ധനക്കടത്തായി മാറി. ഇത് വികസിച്ച് മാഫിയയായും വളര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബൈക്കിലും സൈക്കിളിലും കന്നാസുകളുമായി പോയാണ് ആളുകൾ ഇന്ധനം ശേഖരിച്ച് തിരികെ വരുന്നത്.
ചമ്പാരന്‍ ജില്ലയിലെ പല ഗ്രാമങ്ങളിലും ഇത്തരത്തിലാണ് ഇപ്പോള്‍ ഇന്ധനമെത്തുന്നത്. അതിര്‍ത്തി കടന്നുള്ള ഇന്ധനം വാങ്ങല്‍ ഒരു വന്‍ മാഫിയ ബിസ്സിനസ്സായിത്തന്നെ ഇതിനോടകം രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.
ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ ഭാരിതര്‍വ, ബസന്ത്പുര്‍, സെമര്‍വാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ രണ്ട് ഡസനിലധികം ഗ്രാമങ്ങളില്‍ അതിര്‍ത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ നിയന്ത്രണങ്ങളോ യാത്രാവിലക്കോ ഇല്ലാത്തതാണ് ഇന്ധനക്കടത്തിന് വഴിയൊരുക്കുന്നത്.
നേപ്പാളില്‍ പെട്രോളിന്റെ വില 111.20 നേപ്പാള്‍ രൂപയാണ് ഇത് ഇന്ത്യയിൽ 69.50 രൂപയ്ക്ക് തുല്യമാണ്. അതുപോലെ, നേപ്പാളിലെ ഡീസലിന്റെ വില ഇന്ത്യന്‍ കറന്‍സിയില്‍ 58.88 രൂപയാണ്. 94.20 നേപ്പാള്‍ രൂപയാണ് അവിടെ ഡീസലിന്. ബീഹാറില്‍ പെട്രോളിന്റെ വില 92.51 രൂപയും ഡീസലിന് 85.70 രൂപയുമാണ്.
അതിര്‍ത്തി കടന്നുള്ള ഇന്ധനം വാങ്ങല്‍ മൂലം ഇവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്പുകളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന കുത്തനെ കുറഞ്ഞു. അതിനാല്‍ ഇന്ധന കള്ളക്കടത്ത് സംബന്ധിച്ച് പെട്രോള്‍ പമ്പ് ഉടമകള്‍ ജില്ലാ ഭരണകൂടത്തിന് പരാതി സമർപ്പിച്ചിട്ടുണ്ട്.
"ഇന്ധന കള്ളക്കടത്ത് സംബന്ധിച്ച് തങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചുവെന്ന പോലീസും വ്യക്തമാക്കുന്നുണ്ട്. ഞങ്ങള്‍ നടപടികള്‍ സ്വീകരിച്ചു. കള്ളക്കടത്തുകാരെ പിടികൂടുന്നതിനായി ഈ പ്രദേശങ്ങളില്‍ രാത്രി പട്രോളിംഗ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരെ തിരിച്ചറിയുന്ന പ്രക്രിയ നടക്കുകയാണ്" എന്ന് ഇറാന്‍വ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കുന്ദന്‍ കുമാര്‍ വ്യക്തമാക്കി.
തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു. 92.7 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. 86.61 രൂപയാണ് ഡീസല്‍ വില.
കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയാണ് വില. ഫെബ്രുവരി 9 മുതല്‍ 18 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് വര്‍ധിച്ചത്.
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വില കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കച്ചവടക്കാർ. ഇത് വരും ദിവസങ്ങളില്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കും. നിലവില്‍ ചെറിയുള്ളിയുടെ വില കിലോയ്ക്ക് നൂറിനു മുകളിലാണ്. ലോക്ഡൗണിനു ശേഷം പതിയെ കരകയറിയതാണ് പച്ചക്കറി വിപണി.
എന്നാല്‍ ദിനം പ്രതിയുള്ള ഇന്ധനവില വര്‍ധനവ് കച്ചവടക്കാരുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാക്കുകയാണ്. പച്ചക്കറി എത്തിക്കാനായുള്ള ലോറി വാടക രണ്ടായിരം രൂപ വച്ചാണ് കൂടിയത്. ഈ വാടക വര്‍ധന പച്ചക്കറി വിലയില്‍ വരുദിവസങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കര്‍ഷകരുടെ പ്രതിഷേധവും ആവശ്യത്തിനുള്ള പച്ചക്കറികള്‍ എത്താതതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ധന വിലക്കൊപ്പം പാചക വാതക വിലക്കയറ്റവും സഹിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും പച്ചക്കറിയുടെ വില വര്‍ധന.
https://www.facebook.com/Malayalivartha























