തൃണമൂല്‍ എം.പിയ്ക്ക് എതിരായ അപകീര്‍ത്തി പരാമർശം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹാജരാകണമെന്ന് കോടതി; സമൻസയച്ചത് അഭിഷേക് ബാനര്‍ജിയുടെ പരാതിയിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമന്‍സ്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. അഭിഷേക് ബാനര്‍ജി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ എംപി/എംഎല്‍എ കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. അമിത്ഷാ കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഫെബ്രുവരി 22നോ അതിന് മുന്‍പോ, നേരിട്ടോ അഭിഭാഷകന്‍ മുഖാന്തിരമോ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം അഞ്ഞൂറാം വകുപ്പ് അനുസരിച്ച് മാനനഷ്ടക്കേസിന് മറുപടി നല്‍കാന്‍ കുറ്റാരോപിതന്‍ നേരിട്ടോ, അഭിഭാഷകന്‍ മുഖാന്തരമോ ഹാജരാകേണ്ടതുണ്ടെന്ന് കോടതി പറയുന്നു.
2018 ഓഗസ്റ്റ് 11ന് കൊല്‍ക്കത്തയിലെ മായോ റോഡില്‍ നടന്ന റാലിക്കിടയില്‍ തൃണമൂല്‍ എം.പിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിക്കെതിരേ അമിത് ഷാ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതായാണ് ആരോപണം. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായ്‌ക്കെതിരേ നിയമനടപടികളുമായി അഭിഷേക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























