രാജ്യത്തെ 74 ശതമാനം സജീവ കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലും.... പുണെയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു... സ്‌കൂളുകളും കോളേജുകളും അടച്ചിടാൻ തീരുമാനം

രാജ്യത്തെ മാത്രമല്ല ലോകത്തെ തന്നെ ഭയത്തിന്റെയും ബുദ്ധിമുട്ടിന്റെ വക്കിൽ തള്ളിവിട്ട കൊറോണ വൈറസ് എന്ന മഹാമാരി രംഗപ്രവേശം ചെയ്തിട്ട് ഒരാണ്ട് പിന്നിട്ടു. എല്ലാവർക്കും പനി പോലെയോ ജലദോഷം പോലെയോ ഒന്നായി കൊറോണ മാറി എന്ന് നമ്മൾ തമാശരൂപേണ പറയും എങ്കിലും കൊവിഡ് എന്ന വില്ലൻ തീർത്തും അപകടകാരിയാണ് എന്ന കാര്യം നമ്മൾ മറക്കാൻ പാടില്ല.
ചെറിയ ഒരിടവേളക്ക് ശേഷം കൊറോണ വൈറസ് കേസുകള്‍ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകള്‍ ഇതേനിലയില്‍ തന്നെ തുടരുകയാണെങ്കില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.
തൊട്ട് പിന്നാലെ പുണെയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ പുലര്‍ച്ച ആറു വരെ അവശ്യസര്‍വീസുകളൊഴികെ മറ്റുള്ളവയ്ക്ക് വിലക്കേ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫെബ്രുവരി 28-വരെ സ്‌കൂളുകളും കോളേജുകളും അടച്ചിടാനും ഇവിടെ തീരുമാനിച്ചു. ഇതിനിടെ കോവിഡ് കേസുകളിൽ വർദ്ധനവ് കാണിക്കുന്ന കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരിശോധനാ നിരക്ക് വര്‍ധിപ്പിക്കാനും ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ ഉയര്‍ത്താനും കേന്ദ്രം അഞ്ച് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് നിലവിലുള്ള സജീവ കേസുകളില്‍ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഉള്ളത്. കേരളവും മഹാരാഷ്ട്രയും കൂടാതെ പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് കേസുകളില്‍ വർദ്ധനവുണ്ട്.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാർ നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്,
* ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ തോത് വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മൊത്തത്തിലുള്ള ടെസ്റ്റിംഗ് നമ്പറുകള്‍ ഉയര്‍ത്തുക.
* എല്ലാ നെഗറ്റീവ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഫലങ്ങളിലും ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമായും നടത്തണം.
* തിരഞ്ഞെടുത്ത ജില്ലകളില്‍ കര്‍ശനവും സമഗ്രവുമായ നിരീക്ഷണം നടത്തുന്നതിലും ആവശ്യമുള്ള നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
* ഉയര്‍ന്ന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലെ ക്ലിനിക്കല്‍ മാനേജ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ്
അതുകൂടാതെ, ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 87,000 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യയില്‍ കോവിഡിന്റെ ഒരു രണ്ടാം വ്യാപനത്തിന്റെ സൂചനയാണെന്ന് ആശങ്കയുണ്ട്.
മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയാന്‍ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞിരുന്നു. നിലവില്‍ പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ ആര്‍ജിത പ്രതിരോധ ശേഷി എന്നത് വെറും 'മിത്ത്' ആണെന്നും കോവിഡില്‍ നിന്ന് മോചനം ലഭിക്കണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം. കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍ ഇത് അസാധ്യമായ കാര്യമായിരിക്കും. പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് പ്രതിരോധ ശേഷി നേടിയ ആളില്‍ വീണ്ടും രോഗബാധയുണ്ടാക്കാന്‍ സാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വകഭേദങ്ങളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് പ്രതിവിധി. വ്യാപകമായ പരിശോധന, ക്വാറന്റീന്‍ തുടങ്ങിയ നടപടികള്‍ ഇന്ത്യയില്‍ തിരികെ കൊണ്ടുവരേണ്ടതുണ്ട്. പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























