പുതുച്ചേരിയില്‍ നാരായണസ്വാമി സർക്കാറിനു വൻ തിരിച്ചടി... കോണ്‍ഗ്രസിന് ഭൂരിപക്ഷം ഇല്ലാതായി...

പുതുച്ചേരിയിലെ വി.നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ പ്രഖ്യപിച്ചു.
തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാരിന്റെ അടിപതറിയത്. കേന്ദ്ര സര്‍ക്കാരിനെതിരെയും മുന്‍ ലെഫ്റ്റണന്റ് ഗവര്‍ണര്‍ കിരണ്‍ബേദിക്കെതിരെയും വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി രണ്ട് എം.എല്‍.എ.മാര്‍കൂടി ഞായറാഴ്ച രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ.യും മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീനാരായണനും സഖ്യകക്ഷിയായ ഡി.എം.കെ.യിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കര്‍ വി.പി. ശിവകൊളുന്തുവിനു രാജി നൽകിയത്.
ഇതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍ നിന്ന് ആറ് എംഎല്‍എമാരാണ് രാജിവച്ചത്. ആറ് എം.എല്‍.എ.മാര്‍ രാജിവെച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി. എന്‍.ആര്‍.കോണ്‍ഗ്രസ് -ബി.ജെ.പി. സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്.
https://www.facebook.com/Malayalivartha























