പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ പട്ടത്തിന്റെ ചരട് കുരുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ധാര്‍ നഗരത്തിലാണ് സംഭവമുണ്ടായത്. പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കര്‍ശന നടപടിയെടുക്കുമെന്നും മദ്ധ്യപ്രദേശ് പൊലീസ് അറിയിച്ചു.
പട്ടം പറത്താന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ ചൈനീസ് നൂലാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടം പറത്തിയത് ആരാണെന്ന് ഉടന്‍ കണ്ടെത്തുമെന്നും ഇനി ചൈനീസ് നൂല് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് സൂപ്രണ്ട് രവീന്ദ്ര വാസ്‌കെല്‍ പറഞ്ഞു.
ഞായറാഴ്ച ഹൈദരാബാദിലും അഹമ്മദാബാദിലും സമാനമായ സംഭവം നടന്നിരുന്നു. ഇന്ത്യന്‍ സൈനികനും നാല് വയസുകാരനുമാണ് മരിച്ചത്. ഗോല്‍ക്കൊണ്ട സൈനിക ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ലാംഗര്‍ ഹൗസ് പ്രദേശത്ത് വച്ചാണ് ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി കെ കോടേശ്വര്‍ റെഡ്ഢി (30)യെന്ന സൈനികന്‍ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത്. മകരസംക്രാന്തിയുടെ ഭാഗമായി നടക്കുന്ന പട്ടം പറത്തല്‍ കാരണം നിരവധിപേര്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























