അയോധ്യയിലെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനായി വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനായി വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 11 ദിവസത്തെ പ്രത്യേക വ്രതത്തിന്റെ ഭാഗമായി പ്രധാനമന്ത്രി തറയിലാണ് ഉറങ്ങുന്നത്. കരിക്കിന്‍ വെള്ളം മാത്രമാണ് അദ്ദേഹം കുടിക്കുക. സൂര്യോദയത്തിന് മുമ്പുള്ള ഒരു ശുഭ സമയത്ത് എഴുന്നേല്‍ക്കുക, ധ്യാനം, സാത്വികമായ ഭക്ഷണം കഴിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം തന്റെ ദൈനംദിന ജീവിതത്തില്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 12 ന് വൃതത്തിന്റെ തുടക്കം മോദി പ്രഖ്യാപിച്ചിരുന്നു. പ്രതിഷ്ഠയുടെ ചരിത്രപരവും മംഗളകരവുമായ അവസരത്തിന് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷ്ഠാ വേളയില്‍ എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കാനുള്ള ഉപകരണമായി ദൈവം തന്നെ തിരഞ്ഞെടുത്തുവെന്നും ഇത് മനസ്സില്‍ വെച്ചാണ് താന്‍ 11 ദിവസത്തെ പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദി 11 ദിവസത്തേക്ക് 'യാം നിയമം' പാലിക്കുമെന്നും തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ തീരുമാനിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗ, ധ്യാനം എന്നിവ ഉള്‍പ്പെടെയുള്ളവ ഇതിലുണ്ട്.
നേരത്തെ അയോധ്യയിലെ രാമക്ഷേത്രത്തിനായി സമര്‍പ്പിച്ച സ്റ്റാമ്പുകളുള്ള ഒരു പുസ്തകവും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയിരുന്നു. വിവിധ സമൂഹങ്ങളില്‍ ശ്രീരാമനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് സ്റ്റാമ്പ് ബുക്ക് ലക്ഷ്യമിടുന്നത്. യുഎസ്, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, കാനഡ, കംബോഡിയ, യുഎന്‍ എന്നിവയുള്‍പ്പെടെ 20 ലധികം രാജ്യങ്ങള്‍ പുറത്തിറക്കിയ സ്റ്റാമ്പുകള്‍ ഉള്‍ക്കൊള്ളുന്ന 48 പേജുള്ള പുസ്തകമാണിത്. സ്റ്റാമ്പുകളുടെ രൂപകല്‍പ്പനയില്‍ ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സൂര്യന്‍, സരയൂ നദി, ക്ഷേത്രത്തിലും പരിസരത്തുമുള്ള ശില്‍പങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
സ്റ്റാമ്പ് ശേഖരത്തിലുള്ള ആറ് വ്യത്യസ്ത സ്റ്റാമ്പുകളില്‍ ഓരോന്നിലും ശ്രീരാമന്റെ വിവരണവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ഉള്‍പ്പെടുന്നു. സ്റ്റാമ്പുകളില്‍ രാമക്ഷേത്രം, ഗണേശന്‍, ഹനുമാന്‍, ജടായു, കേവത്രാജ്, മാ ഷാബ്രി എന്നിവയുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തില്‍ 'കലശ പൂജ' നടന്നിരുന്നു. ചടങ്ങുകള്‍ ജനുവരി 21 വരെ തുടരും. 121 ആചാര്യന്മാരാണ് ചടങ്ങുകള്‍ നടത്തുന്നത്. ജനുവരി 22ലെ പ്രതിഷ്ഠാ ചടങ്ങ് ഉച്ചയ്ക്ക് 12:20ന് ആരംഭിക്കും.
അയോധ്യയില്‍ പ്രാണ്‍ പ്രതിഷ്ഠാ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. അതേസമയം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിലേക്ക് ശ്രീരാമന്റെ വിഗ്രഹം കൊണ്ടുവന്നു. ഇന്ന് പുലര്‍ച്ചെ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ക്രെയിനിന്റെ സഹായത്തോടെ വി?ഗ്രഹം ശ്രീകോവിലിനുള്ളില്‍ എത്തിച്ചത്. ട്രക്കിലാണ് വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചത്. രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാരും സന്യാസിമാരും സെലിബ്രിറ്റികളുമടക്കം 7,000-ത്തിലധികം ആളുകള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha























