വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 12 കുട്ടികളും രണ്ട് അധ്യാപകരുള്‍പ്പടെ 14 പേര്‍ മരിച്ചു

ഗുജറാത്തിലെ വഡോദരയിലെ ഹാര്‍നി തടാകത്തില്‍ വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 12 കുട്ടികളും രണ്ട് അധ്യാപകരുള്‍പ്പടെ 14 പേര്‍ മരിച്ചു. ഒരു സ്വകാര്യ സ്‌കൂളില്‍ നിന്ന് വിനോദയാത്രക്കെത്തിയ 27 വിദ്യാര്‍ത്ഥികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ബോട്ട് മറിഞ്ഞതിന് പിന്നാലെ ഏഴ് വിദ്യാര്‍ത്ഥികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് വഡോദര ചീഫ് ഫയര്‍ ഓഫീസര്‍ പാര്‍ത്ഥ് ബ്രഹ്മഭട്ട് അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക. തന്റെ മുന്‍ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കിയെന്നും വഡോദരയിലേക്ക് പോകുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
'ഇപ്പോള്‍, അടിയന്തര ദുരിതാശ്വാസ-രക്ഷാ-ചികിത്സാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കൂടുതല്‍ കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ എല്ലാവരും കരുതുന്നു, പ്രാര്‍ത്ഥിക്കുന്നു,' മുഖ്യമന്ത്രി പറഞ്ഞു. ബോട്ടില്‍ ശേഷിയേക്കാള്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നതെന്നും കരാറുകാരനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വഡോദര എംഎല്‍എ ശൈലേഷ് മേത്ത പറഞ്ഞു.
https://www.facebook.com/Malayalivartha























