ഇത് വേറെ ലെവല്‍... രാമക്ഷേത്രത്തില്‍ തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠാചടങ്ങിനു മുന്നോടിയായി ബാലരാമവിഗ്രഹത്തിന്റെ ആദ്യചിത്രം പുറത്തുവിട്ടു; സ്വര്‍ണവില്ലും അമ്പും കൈയിലേന്തി നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം

എല്ലാ കണ്ണുകളും അയോധ്യയിലേക്കാണ്. രാമക്ഷേത്രത്തില്‍ തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠാചടങ്ങിനു മുന്നോടിയായി ബാലരാമ വിഗ്രഹത്തിന്റെ ആദ്യചിത്രം പുറത്തുവിട്ടു. സ്വര്‍ണവില്ലും അമ്പും കൈയിലേന്തി നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം. മൈസൂരിലെ പ്രമുഖശില്പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ കൊത്തിയെടുത്ത വിഗ്രഹത്തിന് 51 ഇഞ്ചാണ് ഉയരം.
ഭഗവാന്‍ ശ്രീരാമന് അഞ്ചുവയസ്സുള്ളപ്പോഴുള്ള രൂപത്തിലാണ് ഇതെന്ന് രാമ ജന്മഭൂമിതീര്‍ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. പ്രതിഷ്ഠാചടങ്ങിനു മുന്നോടിയായി ബുധനാഴ്ചയാണ് വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചത്. ജയ് ശ്രീറാം മന്ത്രധ്വനികള്‍ക്കിടയില്‍ വ്യാഴാഴ്ച വൈകീട്ട് ശ്രീകോവിലില്‍ സ്ഥാപിച്ചു. ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി നടക്കുന്ന ചടങ്ങുകളുടെ നാലാംദിവസമായ വെള്ളിയാഴ്ച വിശുദ്ധാഗ്‌നി ജ്വലിപ്പിച്ചുകൊണ്ടുള്ള പൂജകള്‍ നടന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേത്രനിര്‍മാണത്തിനായി പ്രവര്‍ത്തിച്ചവരുടെയും ക്ഷേമത്തിനായുള്ള പൂജകളാണ് പ്രധാനമായും നടന്നതെന്ന് മുഖ്യപുരോഹിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-ന് തുടങ്ങുന്ന പ്രതിഷ്ഠാചടങ്ങ് ഒരുമണിയോടെ പൂര്‍ത്തിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യയജമാനനാകും.
അയോധ്യയിലെ പ്രതിഷ്ഠാദിനമായ തിങ്കളാഴ്ച കേന്ദ്രജീവനക്കാര്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചതിനുപിന്നാലെ ബി.ജെ.പി. ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളും അവധി നല്‍കിത്തുടങ്ങി. മഹാരാഷ്ട്ര ഒരുദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ത്രിപുര സംസ്ഥാനങ്ങള്‍ അരദിവസത്തെ അവധി നല്‍കി. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഒരുദിവസം അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാചടങ്ങുകള്‍ വീടുകളിലിരുന്ന് കാണാനും പങ്കാളിയാവാനുമാണ് ഇത്.
ഞായറാഴ്ച വൈകിട്ട് പ്രധാനമന്ത്രി അയോധ്യയിലെത്തും. പ്രതിഷ്ഠാ ദിനത്തില്‍ രാവിലെ സരയൂ നദിയില്‍ സ്‌നാനം ചെയ്ത ശേഷം രാംപഥിലൂടെയും ഭക്തിപഥിലൂടെയും ക്ഷേത്രത്തിലേക്കു നടക്കും. രണ്ടു കിലോമീറ്ററോളം മോദി കാല്‍നടയായി പോകുമെന്നാണ് സൂചന. തുടര്‍ന്ന് ഹനുമാന്‍ഗഢി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ഈ മാസം 22ന് അവധി പ്രഖ്യാപിച്ച് റിസര്‍വ് ബാങ്കും. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഓഹരി കമ്പോളത്തിനും അവധിയായിരിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കമ്പോളം അന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
സെന്‍ട്രല്‍ ബാങ്ക് നിയന്ത്രിക്കുന്ന വിപണികള്‍ ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കുകയുള്ളു. 22ന് പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക റൂറല്‍ ബാങ്കുകള്‍ എന്നിവ ഉച്ചവരെ അടഞ്ഞുകിടക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും ഈ ദിവസം ഉച്ചയ്ക്ക് 2.30 വരെ അവധിയാണ്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്, ഹോസ്പിറ്റാലിറ്റി, ട്രാവല്‍, ടൂറിസം മേഖലയില്‍ സൃഷ്ടിക്കപ്പെട്ടത് 20,000 തൊഴിലവസരങ്ങള്‍. ദിവസേന ലക്ഷക്കണക്കിന് സന്ദര്‍ശകരെയാണ് നഗരം പ്രതീക്ഷിക്കുന്നത്. അതിനാല്‍, വരും മാസങ്ങളില്‍ തൊഴിലവസരങ്ങളില്‍ തുടര്‍ച്ചയായ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. രാമക്ഷേത്രം, അയോധ്യയെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും പ്രതിദിനം മൂന്ന് മുതല്‍ നാല് ലക്ഷം വരെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു.
വിനോദസഞ്ചാരികളുടെ വരവ് കുതിച്ചുയരുന്നത് അയോധ്യയിലെ താമസ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഇത് അയോധ്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വമ്പന്‍ വിപുലീകരണത്തിന് കാരണമാകും. 20,000 മുതല്‍ 25,000 വരെ സ്ഥിര, താത്കാലിക നിയമനങ്ങള്‍ ഉണ്ടായേക്കാം.
https://www.facebook.com/Malayalivartha























