ഇടവക വികാരിയുടെ ഓഫിസ് മുറിക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരന്‍

തമിഴ്‌നാട് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരനെ ഇടവക വികാരിയുടെ ഓഫിസ് മുറിക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കള്‍ ചന്തയ്ക്കു സമീപം മൈലോട് മടത്തുവിള സ്വദേശിയും കന്യാകുമാരി ഡിപ്പോയില്‍ മെക്കാനിക് വിഭാഗത്തിലെ ജീവനക്കാരനുമായ സേവിയര്‍ കുമാറാണ് (45) മരിച്ചത്. തലയ്ക്ക് അടിയേറ്റു മരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ മൈലോട് ദേവാലയ ഇടവക വികാരി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ ഒളിവിലാണ്. ദേവാലയ ഇടവക കമ്മിറ്റി മുന്‍ അംഗമായിരുന്ന സേവിയറും നിലവിലെ കമ്മിറ്റി അംഗങ്ങളും തമ്മില്‍ ഭരണസമിതിയിലെ വരവുചെലവു കണക്കുകളിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെ സേവിയര്‍ ഇതു പ്രചരിപ്പിച്ചിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. സേവിയറിന്റെ ഭാര്യ ജമീല മൈലോട് ദേവാലയ ഭരണ സമിതിയിലുള്‍പ്പെട്ട സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്. വിവാദത്തെ തുടര്‍ന്നു ജമീലയെ സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇതിനെപ്പറ്റി സംസാരിക്കുന്നതിനായി ഇടവക വികാരിയുടെ ഓഫിസില്‍ എത്തിയതായിരുന്നു സേവിയറെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























