പ്രധാനമന്ത്രി സൂര്യോദയ യോജന'....രാജ്യത്തുടനീളമുള്ള ഒരു കോടി വീടുകളില്‍ കേന്ദ്രം സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ സര്‍ക്കാരിന്റെ പുതിയ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തുടനീളമുള്ള ഒരു കോടി വീടുകളില്‍ കേന്ദ്രം സോളാര്‍ പാനല്‍ സ്ഥാപിക്കും. സര്‍ക്കാരിന്റെ 'പ്രധാനമന്ത്രി സൂര്യോദയ യോജന'യുടെഭാഗമായാണ് പദ്ധതി. അടുത്തിടെ ഇത് സംബന്ധിച്ച ഒരു യോഗത്തില്‍ മോദി അധ്യക്ഷത വഹിച്ചിരുന്നു. വീടുകളില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സോളാര്‍ പാനലുകള്‍ അവലോകനം ചെയ്യുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കിട്ടിരുന്നു.
'ലോകത്തിലെ എല്ലാ ഭക്തജനങ്ങളും എപ്പോഴും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തില്‍ നിന്ന് ഊര്‍ജം നേടുന്നു. ഇന്ന്, അയോധ്യയിലെ അഭിഷേകത്തിന്റെ ശുഭകരമായ അവസരത്തില്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ സോളാര്‍ മേല്‍ക്കൂര സംവിധാനം വേണമെന്ന എന്റെ പ്രമേയം കൂടുതല്‍ ശക്തിപ്പെട്ടു.' പ്രധാനമന്ത്രി മോദി പറഞ്ഞു.
'ഒരു കോടി വീടുകളില്‍ സോളാര്‍ റൂഫ്‌ടോപ്പ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സര്‍ക്കാര്‍ 'പ്രധാനമന്ത്രി സൂര്യോദയ യോജന' ആരംഭിക്കുമെന്നതാണ് അയോധ്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാന്‍ എടുത്ത ആദ്യ തീരുമാനം. ഈ നടപടി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയ്ക്കുക മാത്രമല്ല, ഊര്‍ജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹാഭിഷേക ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയായെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. രാം ലല്ല വിഗ്രഹത്തിന്റെ 'പ്രാണ പ്രതിഷ്ഠ' ഒരു പുതിയ യുഗത്തിന്റെ ആവിര്‍ഭാവത്തെ അടയാളപ്പെടുത്തിയെന്ന് ചടങ്ങുകള്‍ അവസാനിച്ച ശേഷം അദ്ദേഹം പറഞ്ഞു. 'രാമന്‍ അഗ്നിയല്ല, ഊര്‍ജമാണ്. രാമന്‍ തര്‍ക്കമല്ല, പരിഹാരമാണ്. രാമന്‍ നമ്മുടേത് മാത്രമല്ല, എല്ലാവരുടെയും ആളാണ്. രാമക്ഷേത്രം സമാധാനത്തിന്റെ പ്രതീകം കൂടിയാണ്', പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അയോധ്യയിലെ ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'വര്‍ഷങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവില്‍ രാമലല്ല ഇവിടെ എത്തിച്ചേര്‍ന്നു. സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ആത്മീയ അനുഭവത്തില്‍ നിന്ന് താന്‍ ഇപ്പോഴും ''വിറയ്ക്കുക''യാണ്. രാമന്‍ ഒരു തര്‍ക്കവിഷയമല്ല, ഒരു പരിഹാരമാണ്. ശ്രീരാമന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























