ആളുകളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

മുസ്ലിം വിഭാഗത്തില്‍പ്പെട്ട അഞ്ചുപേരെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ആളുകളെ കെട്ടിയിട്ട് മര്‍ദിക്കാനുള്ള അധികാരം എവിടെനിന്നാണ് പൊലീസുകാര്‍ക്ക് ലഭിച്ചതെന്നു ചോദിച്ച കോടതി, കുറ്റാരോപിതരായ പൊലീസുകാര്‍ കസ്റ്റഡിയില്‍ പോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പൊലീസുകാര്‍ക്ക് 14 ദിവസത്തെ ജയില്‍ശിക്ഷ വിധിച്ചുകൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്തു നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കവേയാണ് സുപ്രീംകോടതി പൊലീസിനെ വിമര്‍ശിച്ചത്.
2022 ഒക്ടോബറില്‍ ഖേദ ജില്ലയിലുണ്ടായ പ്രക്ഷോഭത്തിനിടെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് യുവാക്കളെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ അറസ്റ്റു ചെയ്യപ്പെട്ട 13 പേരില്‍ അഞ്ചുപേരെ പൊലീസുകാര്‍ മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. വിവാദമുയര്‍ന്നതോടെ ഇന്‍സ്‌പെക്ടര്‍ എ.വി.പാര്‍മര്‍, സബ്-ഇന്‍സ്‌പെക്ടര്‍ എ.വി.കുമാവത്, കോണ്‍സ്റ്റബിള്‍മാരായ കെ.എല്‍.ദഭി, ആര്‍.ആര്‍.ദഭി എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഇവര്‍ ചെയ്ത കുറ്റം കോടതിയലക്ഷ്യമാണെന്നു നിരീക്ഷിച്ച ഹൈക്കോടതി 2023 ഒക്ടോബറില്‍ നാലുപേര്‍ക്കും 14 ദിവസത്തെ ജയില്‍ശിക്ഷ വിധിച്ചു. കസ്റ്റഡിയില്‍ എടുത്തവരെ മര്‍ദിക്കരുതെന്ന മുന്‍ ഉത്തരവ് പൊലീസുകാര്‍ പാലിച്ചില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഇതിനു പിന്നാലെയാണ് പൊലീസുകാര്‍ സുപ്രീം കോടതിയിലെത്തിയത്. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെ ഹൈക്കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ധാവേ ചോദിച്ചു.
1996ലെ ഡി.കെ.ബസു കേസ് വിധിയെപ്പറ്റി പൊലീസുകാര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ധാവേ വാദിച്ചു. എന്നാല്‍ നിയമപാലകരെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ പൊലീസുകാര്‍ അറിഞ്ഞിരിക്കണമെന്നും പൊലീസുകാര്‍ക്ക് ഇങ്ങനെ പെരുമാറാന്‍ അധികാരമില്ലെന്നും കോടതി മറുപടി നല്‍കി. ഹൈക്കോടതി നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലില്‍ വാദം കേള്‍ക്കാമെന്നും വിധി സ്റ്റേ ചെയ്യുന്നതായും കോടതി വ്യക്തമാക്കി. പ്രതികള്‍ സ്റ്റേറ്റ് പൊലീസിന്റെ കസ്റ്റഡിയില്‍ പോകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























