ബിസിനസ് പാര്‍ട്ണറെ രക്ഷിക്കാന്‍ സച്ചിന്‍ ശ്രമിച്ചതായി ആരോപണം

ബിസിനസ് പങ്കാളിയെ സഹായിക്കുന്നതിനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വഴിവിട്ടു പ്രവര്‍ത്തിച്ചതായി ആരോപണം. സച്ചിന്റെ ബിസിനസ് പങ്കാളികളില്‍ ഒരാളായ സഞ്ജയ് നരംഗ് മസൂറിയിലെ പ്രതിരോധ വകുപ്പിന്റെ ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടം പൊളിക്കാതിരിക്കാന്‍ സച്ചിന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ സഹായം തേടിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
തന്റെ ബിസിനസ് പങ്കാളിയെ സംരക്ഷിക്കാന്‍ പരീക്കറിനെ കാണാന്‍ മാത്രമായി സച്ചിന്‍ ഓസ്‌ട്രേലിയന്‍ പര്യടനം റദ്ദാക്കി നാട്ടിലെത്തിയതായി ഇകണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ലന്തോര്‍ കന്റോണ്‍മെന്റിലുള്ള ഡഹ്‌ളിയ ബാങ്ക് എന്ന സ്ഥാപനം അനധികൃതമായി ഭൂമി കൈയേറിയെന്നാണ് ആരോപണം.
സച്ചിന്റെ ബിസിനസ് പങ്കാളിയായ സഞ്ജയ് നരംഗ്, ഇവിടെ നിര്‍മിച്ചിരിക്കുന്ന റിസോര്‍ട്ടിന്റെ ഉടമസ്ഥരില്‍ ഒരാളാണ്. പ്രതിരോധ വകുപ്പിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) അധീനതയിലുള്ള 50 അടിയിലധികം സ്ഥലം റിസോര്‍ട്ട് നിര്‍മാണത്തിനിടെ കൈയേറിയെന്ന് ചൂണ്്ടിക്കാട്ടിയാണ് ഇതിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്.
പരീക്കറുമായി സച്ചിന്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്‌നത്തില്‍ ഇടപെടാന്‍ അദ്ദേഹം വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണങ്ങളെ കുറിച്ച് സച്ചിനും സഞ്ജയ് നരംഗും പ്രതികരിച്ചിട്ടില്ല. വിവാദത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയവും വിസമ്മതിച്ചു.
https://www.facebook.com/Malayalivartha























