ബിസ്‌കറ്റ് വാങ്ങിയ തുക നല്‍കിയില്ല, ദളിത് ദമ്പതികളെ കടയുടമ വെട്ടിക്കൊലപ്പെടുത്തി, സംഭവത്തിന് കാരണം ദിവസങ്ങള്‍ക്ക് മുന്‍പ് കടം വാങ്ങിയ 15 രൂപ തിരികെ നല്‍കാത്തതിനാല്‍

ദളിത് പ്രക്ഷോഭങ്ങള്‍ രാജ്യത്ത് അലയടിച്ചതു കഴിയും മുന്‍പേ വീണ്ടും രാജ്യത്ത് ദളിതരായ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മയിന്‍പൂരി ജില്ലയിലാണ് കടം വാങ്ങിയ 15 രൂപ മടക്കി നല്‍കാത്തതിന്റെ പേരില്‍ കടയുടമ ദലിത് വിഭാഗത്തില്‍പ്പെട്ട ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത്. 15 രൂപയ്ക്ക് പോലും കടം പറയേണ്ടി വരുന്ന ദളിത് ജീവിതങ്ങളാണ് ഇന്ത്യയില്‍ ഏറെയും.
ദിവസങ്ങള്‍ക്ക് മുന്‍പ് ദമ്പതികള്‍ അശോക് മിശ്രയുടെ പക്കല്‍ നിന്നും 15 രൂപ കടമായി കൈപ്പറ്റിയിരുന്നു. വ്യാഴാഴ്ച രാവിലെ പണിസ്ഥലത്തേക്കു പോകുകയായിരുന്ന ദമ്പതികളോട് ഇയാള്‍ പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ കൈയില്‍ പണമില്ലെന്നും വൈകിട്ട് മടങ്ങിവരുമ്പോള്‍ പണം തിരിച്ചുനല്‍കാമെന്നും പറഞ്ഞ ദമ്പതികളെ അശോക് മിശ്ര തടഞ്ഞുവച്ചു. ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കോപാകുലനായ അശോക് മിശ്ര, കടയില്‍നിന്നും മഴുവെടുത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ദമ്പതികള്‍ റോഡില്‍ തളര്‍ന്നുവീഴുംവരെ ആക്രമണം തുടര്‍ന്ന മിശ്ര, പിന്നീട് സ്ഥലം വിടുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദമ്പതികളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും അപ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് അശോക് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ മിശ്ര ഒളിവില്‍ പോയെങ്കിലും ഗ്രാമീണര്‍ ഇയാളെ കണ്ടെത്തി പൊലീസിന് കൈമാറുകയായിരുന്നു. ഒരു കൂട് ബിസ്‌കറ്റ് വാങ്ങാനായിട്ടാണ് തന്റെ മകന്‍ 15 രൂപ കടയില്‍നിന്നും കടമായി വാങ്ങിയതെന്ന് മരിച്ച യുവാവിന്റെ അമ്മയുടെ വാക്കുകള്‍.
https://www.facebook.com/Malayalivartha























