കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അരുണാചല്‍പ്രദേശിലെ ജലവൈദ്യുത പദ്ധതിയില്‍ 450 കോടിയുടെ അഴിമതിക്കു കൂട്ടുനിന്നതായി ആരോപണം

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അരുണാചല്‍പ്രദേശിലെ ജലവൈദ്യുത പദ്ധതിയില്‍ 450 കോടിയുടെ അഴിമതിക്കു കൂട്ടുനിന്നതായി ആരോപണം. കിരണ്‍ റിജിജു, അദ്ദേഹത്തിന്റെ ബന്ധുവും പദ്ധതിയുടെ സഹകരാറുകാരനുമായ ഗോബോയ് റിജിജു, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ (നീപ്‌കോ) ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരേയാണ് ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന സതീഷ് വര്‍മ അഴിമതി നടന്നതായി റിപ്പോര്‍ട്ട് നല്‍കിയത്.
അരുണാചല്‍പ്രദേശിലെ 600 മെഗാവാട്ടിന്റെ കാമേംഗ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി രണ്ടു അണക്കെട്ടുകള്‍ നിര്‍മിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്നാണു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബിചോം, ടെംഗ നദികള്‍ക്കു കുറുകെ രണ്ട് അണക്കെട്ടുകളും കിമിയില്‍ ഒരു പവര്‍ ഹൗസും ഉള്‍പ്പെടുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മുഖ്യ കരാറുകാര്‍ മുംബൈ ആസ്ഥാനമായുള്ള പട്ടേല്‍ എന്‍ജിനിയറിംഗ് ലിമിറ്റഡായിരുന്നു. മന്ത്രിയുടെ ബന്ധു ഗോബോയ് റിജിജു ഇതിന്റെ സഹകരാറുകാരില്‍ ഒരാളായിരുന്നു.
കരാറുകാരുടെ കടുത്ത അഴിമതി ചീഫ് വിജലന്‍സ് ഓഫീസര്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് പദ്ധതി ഇടയ്ക്കു നിര്‍ത്തിവയ്ക്കുകയും പട്ടേല്‍ എന്‍ജിനിയറിംഗ് സഹകരാറുകാര്‍ക്കു പണം നല്‍കാതിരിക്കുകയും ചെയ്തപ്പോഴാണ് മന്ത്രി കിരണ്‍റിജിജു 2015 നവംബര്‍ നാലിന് കേന്ദ്ര ഊര്‍ജ സഹമന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതുന്നത്. കരാറുകാര്‍ക്കും സഹകരാറുകാര്‍ക്കും നീപ്‌കോ ചീഫ് വിജിലന്‍സ് ഓഫീസര്‍ സതീഷ് വര്‍മയുടെ ഇടപെടല്‍ മൂലം പണം ലഭിക്കുന്നില്ലെന്ന പ്രദേശവാസികളുടെ പരാതി സഹിതമായിരുന്നു മന്ത്രി കേന്ദ്രത്തിനു കത്തയച്ചത്.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഡിസംബര്‍ 29ന് ഗോബോയ് റിജിജു സതീഷ് വര്‍മയെ സന്ദര്‍ശിച്ച് ബില്ലുകള്‍ പാസാക്കണമെന്ന് അഭ്യര്‍ഥിച്ചത്. വര്‍മയ്ക്ക് മന്ത്രിയായ തന്റെ സഹോദരന്‍ വഴി ഉദ്യോഗക്കയറ്റവും ഇയാള്‍ വാഗ്ദാനം ചെയ്തു. ഗോബോയ് റിജിജു, സതീഷ് വര്‍മയുമായി നടത്തിയ സംഭാഷണം ഇന്നലെ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ചീഫ് വിജിലന്‍സ് ഓഫീസര്‍ സതീഷ് വര്‍മ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും കരാറുകാര്‍ക്കും എതിരായ റിപ്പോര്‍ട്ട് ഈ വര്‍ഷംതന്നെ സിബിഐക്കും ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്കും കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനും അയച്ചിരുന്നു.
കരാറുകാരും നീപ്‌കോ ഉദ്യോഗസ്ഥരും പശ്ചിമ കമേംഗ് ജില്ലയിലെ ഭരണകൂടവും ചേര്‍ന്ന് 450 കോടിയുടെ സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയെന്നാണ് ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. പശ്ചിമ അരുണാചലിലെ കെമാംഗ് മന്ത്രി റിജിജുവിന്റെ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണ്. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സിബിഐ രണ്ട് അപ്രതീക്ഷിത പരിശോധനകള്‍ നടത്തിയെങ്കിലും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍, ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസറായ വര്‍മയെ നീപ്‌കോയില്‍നിന്നു ത്രിപുരയില്‍ സിആര്‍പിഎഫിലേക്കു മാറ്റിയിരുന്നു. അകാരണമായി ജോലിക്കു ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് പിന്നീട് നീപ്‌കോ ഇയാളെ തിരികെ വിളിക്കുകയും ചെയ്തു.
വര്‍മയുടെ റിപ്പോര്‍ട്ട് പ്രകാരം പദ്ധതി പ്രദേശത്തു നിന്നു പാറയും മറ്റും നീക്കം ചെയ്തതിന്റെ പേരില്‍ നിരവധി വ്യാജബില്ലുകളുണ്ടാക്കി കരാറുകാര്‍ പണം തട്ടിയിരുന്നു. ഇതിനു പുറമേ കരാറുകാരായ പട്ടേല്‍ എന്‍ജിനിയറിംഗ് ലിമിറ്റഡ് നല്‍കിയിരുന്ന ചെലാനുകള്‍ പലതും വ്യാജവുമായിരുന്നു. സ്ഥലത്തേക്ക് കല്ല് എത്തിച്ചിരുന്നതായി നല്‍കിയിരുന്ന വണ്ടികളുടെ നമ്പറുകള്‍ പലതും സ്‌കൂട്ടറുകളുടെയും കാറുകളുടേതുമായിരുന്നു. ഒരേ നമ്പറിലുള്ള വാഹനങ്ങള്‍ പല തവണ വ്യത്യസ്ത ചെലാനുകള്‍ നല്‍കി പണം പറ്റിയിരുന്നു. സതീഷ് വര്‍മയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നീപ്‌കോ പട്ടേല്‍ എന്‍ജിനീയറിംഗുമായുണ്ടായിരുന്ന കരാര്‍ നിര്‍ത്തിവച്ചു.
എന്നാല്‍, പട്ടേല്‍ എന്‍ജിനീയറിംഗിനു നീപ്‌കോ ഭാഗികമായി വീണ്ടും കുടിശിക ബില്ലുകളില്‍ പണം അനുവദിക്കുകയും കഴിഞ്ഞ മാര്‍ച്ചില്‍ ഡാമിന്റെ പണി പുനരാരംഭിക്കുകയും ചെയ്തു. അഴിമതിയാരോപണങ്ങളില്‍ വ്യക്തമായ അന്വേഷണം നടക്കുമെന്ന ഉറപ്പിന്‍മേലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചതെന്നും വര്‍മ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























