ഗുജറാത്ത് ഉപമുഖ്യമന്ത്രി നിഥിന്‍ പട്ടേലിനെ സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിഥിന്‍ പട്ടേലിനെ തന്റെ പാര്‍ട്ടിയായ അനാമത്ത് ആന്തോളന്‍ സമിതിയിലേക്ക് സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍. മുതിര്‍ന്ന നേതാവായ നിഥിന്‍ പട്ടേലിനെ ബി.ജെ.പി ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ ഹാര്‍ദിക്, എല്ലാവരും അദ്ദേഹത്തിന് പിന്തുണ നല്‍കണമെന്ന് പറഞ്ഞു. പാര്‍ട്ടിക്കായി കഠിനമായി പ്രയത്‌നിച്ചിട്ടും ബി.ജെ.പി പരിഗണന നല്‍കുന്നില്ലെങ്കില്‍ നിഥിന്‍ പട്ടേലിന് ഞങ്ങള്‍ക്കൊപ്പം ചേരാവുന്നതാണ്. ഹാര്‍ദിക് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അദ്ദേഹത്തോടൊപ്പം 10 എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഹാര്‍ദിക് പറഞ്ഞു.അവരെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അവരെ സ്വാഗതം ചെയ്യാനും ഉചിതമായ സ്ഥാനങ്ങള്‍ നല്‍കാനും കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഭരത് സിന്‍ഹ് സോളങ്കി പറഞ്ഞു. നിഥിന്‍ പട്ടേലിന്റെയും കുറച്ച് എം.എം.എമാരുടെയും പിന്തുണയുണ്ടെങ്കില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സോളങ്കി കൂട്ടിച്ചേര്‍ത്തു.
ധനകാര്യം, നഗരവികസനം, പെട്രോളിയം എന്നീ മൂന്ന് പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നിധിന്‍ പട്ടേലിനെ മാറ്റിയിരുന്നു. മറ്റ് മന്ത്രിമാര്‍ക്ക് ഓഫീസ് അനുവദിച്ചിട്ടും ഗാന്ധിനഗറില്‍ നിഥിന്‍ പട്ടേലിന് ഓഫീസ് അനുവദിക്കുകയും ചെയ്തിരുന്നില്ല. ഇതേത്തുടര്‍ന്ന് നിധിന്‍ പട്ടേല്‍ പാര്‍ട്ടിയുമായി കടുത്ത അഭിപ്രായഭിന്നതയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha























