ഹാഫിസ് സയിദുമായി വേദി പങ്കിട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ അംബാസഡറെ പാലസ്തീന്‍ തിരിച്ചു വിളിച്ചു ;പാലസ്തീന്റെ നടപടി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ തുടർന്ന്

ആഗോള ഭീകരനും മുംബയ് ആക്രമണ കേസിന്റെ സൂത്രധാരനുമായ ഹാഫിസ് സയിദുമായി വേദി പങ്കിട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ തങ്ങളുടെ അംബാസഡര്‍ വാലിദ് അബു അലിയെ പാലസ്തീന്‍ തിരിച്ചു വിളിച്ചു. സയിദുമായി വേദി പങ്കിട്ടതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.
ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാലസ്തീന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യമാണ് കല്പിക്കുന്നതെന്നും ഇന്ത്യയ്ക്കെതിരെ ഭീകര പ്രവര്‍ത്തനം നടത്തുന്നവരുമായി ബന്ധമുണ്ടാക്കില്ലെന്നും പാലസ്തീന്‍ വ്യക്തമാക്കിയിരുന്നു.
റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാകിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ വച്ചാണ് ഹാഫീസ് സയീദിനൊപ്പം പാലസ്തീന്‍ പ്രതിനിധി വാലിദ് അബു അലി വേദി പങ്കിട്ടത്.
ഐക്യരാഷ്ട്ര സഭയും അമേരിക്കയും ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയിദിനൊപ്പം ഇന്ത്യയുടെ അടുത്ത സുഹൃത്തായ പാലസ്തീന്‍ പ്രതിനിധിയെ കാണേണ്ടി വന്നത് അമ്ബരപ്പും നടുക്കവും ഉണ്ടാക്കിയെന്നാണ് ഇന്ത്യ പ്രതികരിച്ചത്. നാല്പതോളം മതതീവ്രസ്വഭാവമുള്ള സംഘടനകളുടെയും കൂട്ടായ്മയാണ് ദിഫാ ഇ പാകിസ്ഥാന്‍. ഹാഫീസ് സയിദാണ് ഈ കൂട്ടായ്മയുടെ തലവന്‍.
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയ അമേരിക്കയുടെ തീരുമാനത്തിനെതിരെ പാലസ്തീന് അനുകൂലമായാണ് ഇന്ത്യ യു.എന്‍ പൊതുസഭയില്‍ വോട്ട് ചെയ്തത്. ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്പോള്‍ പാലസ്തീന്‍ അംബാസഡര്‍ ഭീകരനുമൊത്ത് വേദി പങ്കിട്ടത് അസ്വീകാര്യമാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























