ജിഎസ്ടിയോടൊപ്പം ഇലക്ടോണിക് വേ ബില്ലും അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍

അന്തര്‍സംസ്ഥാന ചരക്കുകടത്തിനുള്ള ഇലക്‌ട്രോണിക് വേ ബില്‍(ഇ വേ ബില്‍) സംവിധാനം ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ജൂലൈ ഒന്നിന് നിലവില്‍ വന്ന ചരക്ക് സേവന നികുതിയുടെ(ജി.എസ്.ടി) ഭാഗമായാണ് ഇ വേ ബില്‍. ഇതിലൂടെ നികുതി വെട്ടിപ്പ് തടയാനാകുമെന്നും വരുമാനം 20 ശതമാനം കൂടുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് സംവിധാനം തയ്യാറാക്കാതിരുന്നതാണ് ഇ വേ ബില്‍ നടപ്പാക്കുന്നത് വൈകിപ്പിച്ചത്.
ഇലക്‌ട്രോണിക് ബില്‍ നിലവില്‍ വന്നാല്‍ 50,000 രൂപക്ക് മുകളിലുള്ള മുഴുവന്‍ ചരക്ക് കടത്തിന്റെയും വിവരങ്ങള്‍ സര്‍ക്കാറിന് ലഭ്യമാകും. വില്‍ക്കുന്നയാളും വാങ്ങുന്നയാളും ഫയല്‍ ചെയ്യുന്ന നികുതി റിട്ടേണുകളില്‍ കാണിക്കുന്ന ചരക്കില്‍ വ്യത്യാസം വന്നാല്‍ നികുതിവെട്ടിപ്പ് ഉടന്‍ കണ്ടെത്താനാകും.
ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനങ്ങള്‍ക്കുള്ളിലെ ചരക്കു കടത്തിനും ബാധകമാകുന്നതോടെയാണ് രാജ്യവ്യാപകമായി ഇ വേ ബില്‍ പ്രാബല്യത്തിലാവുക. ജി.എസ്.ടി നെറ്റ്‌വര്‍ക്ക് പോര്‍ട്ടലില്‍ നിന്ന് എടുക്കുന്ന ബില്ലിനൊപ്പമുള്ള പ്രത്യേക നമ്പര്‍ ചരക്ക് അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും വാഹന ഉടമക്കും ഒരേസമയം നല്‍കുകയാണ് ഇ വേ ബില്‍ സംവിധാനത്തില്‍ ചെയ്യുന്നത്.
ഈ മാസം 16 മുതല്‍ വ്യാപാരികള്‍ക്ക് സ്വയമേവ ഇ വേ ബില്‍ എടുത്തുതുടങ്ങാവുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























