വിവാഹമോചനം നേടുന്നതു ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന ബില്‍ വീണ്ടും ഇന്നു രാജ്യസഭയില്‍

പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതിനാല്‍ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതില്‍നിന്നു സര്‍ക്കാര്‍ ഇന്നലെ പിന്മാറി. സമവായചര്‍ച്ച നടത്തിയശേഷം ഇന്ന് ഉച്ചയോടെ അവതരിപ്പിക്കാനാണു സര്‍ക്കാര്‍ നീക്കം. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലാത്ത സര്‍ക്കാരിനു ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷമില്ല. ഇന്നലെ മൂന്നാമത്തെ ബില്ലായി ഇത് അവതരിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നതെങ്കിലും സമവായ നീക്കം വിജയം കാണാത്ത സാഹചര്യത്തില്‍ പിന്‍വാങ്ങുകയായിരുന്നു. സമവായമുണ്ടെങ്കില്‍ മാത്രമേ ബില്‍ അവതരിപ്പിക്കൂ എന്നു രാവിലെതന്നെ പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത്കുമാര്‍ വ്യക്തമാക്കി.
സുപ്രധാന ബില്ലുകള്‍ സഭയില്‍വരുന്ന സാഹചര്യത്തില്‍ വരുന്ന മൂന്നു ദിവസം സഭയില്‍ ഹാജരാകണമെന്ന് എം.പിമാര്‍ക്ക് ബി.ജെ.പി. നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷനിരയില്‍ വിള്ളല്‍ വീഴ്ത്താനോ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനോ സാധിക്കാത്തതിനാല്‍ ലോക്‌സഭയിലേതു പോലെ അനായാസേന ബില്‍ പാസാക്കാന്‍ ബി.ജെ.പിക്കു സാധിക്കില്ല. നടപ്പുസമ്മേളനത്തില്‍ തന്നെ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിനു താല്‍പ്പര്യമുണ്ട്. ഇന്നലെ ബില്‍ അവതരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നിരുന്നു.
ബില്ലിലെ വ്യവസ്ഥകള്‍ മാറ്റണമെന്ന നിര്‍ദേശം എല്ലാ പാര്‍ട്ടികളും മുന്നോട്ടുവച്ചതോടെ കോണ്‍ഗ്രസും ഇതേ നിലപാട് സ്വീകരിച്ചു. ലോക്‌സഭയില്‍ മൃദുസമീപനം സ്വീകരിച്ചെങ്കിലും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന ജാമ്യമില്ലാ വകുപ്പ് എടുത്തുമാറ്റണമെന്നും ജീവനാംശം നല്‍കുന്ന കാര്യത്തില്‍ കൃത്യത വരുത്തണമെന്നുമുള്ള ഭേദഗതി രാജ്യസഭയില്‍ കൊണ്ടുവരാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഉറപ്പായതിനാല്‍ ഭേദഗതിയോടു കൂടി മാത്രമേ ബില്‍ പാസാക്കാന്‍ സാധിക്കൂ. അണ്ണാ എ.ഡി.എം.കെ. അടക്കമുള്ള വലിയ പാര്‍ട്ടികളെ ഒപ്പംനിര്‍ത്താനുളള നീക്കം വിജയിച്ചില്ലെങ്കില്‍ ബില്‍ വോട്ടിനിട്ട് പരാജയപ്പെടാന്‍ നില്‍ക്കാതെ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതു പോലെ സെലക്ട് കമ്മിറ്റിക്ക് വിടാനാണു സര്‍ക്കാര്‍ തീരുമാനം.
https://www.facebook.com/Malayalivartha























