നാശം വിതച്ച് പൊടിക്കാറ്റ്... ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 150ലേറെ പേര്‍ മരിച്ചു, 130 ലേറെപ്പേര്‍ക്ക് പരിക്കേറ്റു, മെയ് 5 വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമുണ്ടായി ശക്തമായ പൊടിക്കാറ്റില്‍ 150ലേറെ പേര്‍ മരിച്ചു. മെയ് 5 വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും വന്‍നാശനഷ്ടമാണ് ഉണ്ടാക്കിയത്.
ഉത്തര്‍പ്രദേശില്‍ 60തോളം പേരും രാജസ്ഥാനില്‍ 50 ലേറെ പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലടക്കം ശക്തമായ പൊടിക്കാറ്റുവീശി. നേരിയ മഴയ്ക്ക് പിന്നാലെയാണ് പൊടിക്കാറ്റ് വീശിയത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷമെ ദുരന്തത്തില്‍പ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂവെന്നാണ് അധികൃതര്‍ പറയുന്നത്. അതുകൊണ്ട് തന്നെ മരണ സംഘം ക്രമാതീതമായി ഉയരാനാണ് സാധ്യത. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
ഉത്തര്‍പ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലാണ് പൊടിക്കാറ്റ് നാശമുണ്ടാക്കിയത്. ഉത്തരാഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവും മരിച്ചു. ഹരിയാനയിലും നാശനഷ്ടമുണ്ട്. ഡല്‍ഹിയില്‍ കാറ്റിലും മഴയിലും ഗതാഗതം തടസ്സപ്പെട്ടു. രണ്ടു രാജ്യാന്തര സര്‍വീസ് അടക്കം 15 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
വീടുകള്‍ തകര്‍ന്നുവീണാണു പലരും മരിച്ചത്. നൂറുകണക്കിനാളുകള്‍ക്കു പരുക്കുണ്ട്. പലയിടത്തും മരങ്ങള്‍ കടപുഴകി വൈദ്യുതി നിലച്ചു. ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളിലും രാജസ്ഥാനിലും 48 മണിക്കൂറിനുള്ളില്‍ ശക്തിയായ പൊടിക്കാറ്റ് വീണ്ടും വീശിയടിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ആശങ്ക കൂട്ടുന്നു.
ശക്തമായ കാറ്റില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനും അടക്കമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമാണ്. രക്ഷാ പ്രവര്‍ത്തനത്തിനിടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha