സംസ്ഥാനത്ത് നവംബർ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിലെ അലേർട്ട് ഇങ്ങനെ...
സംസ്ഥാനത്ത് നവംബർ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒക്ടോബർ 29,30,31 ദിവസങ്ങളിൽ കേരളത്തിൽ എവിടെയും മഴ മുന്നറിയിപ്പില്ല. നവംബർ 1,2 ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ (Yellow) അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലെ യെല്ലോ അലർട്ട് ഇങ്ങനെ... 01/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 02/11/2024 : പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ തുലാവർഷം ദുർബലമായിട്ടുണ്ട്. കേരളത്തിൽ ഇന്നും നാളെയും മഴ പൊതുവെ കുറയും.
കിഴക്കൻ മേഖലകളിലും ഇടനാട് പ്രദേശങ്ങളിലും രാത്രി വൈകിയും പുലർച്ചെയും ചാറ്റൽ മഴ പ്രതീക്ഷിക്കാം. കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് മഴ കുറയാൻ കാരണം. ദന ചുഴലിക്കാറ്റ് കരകയറിയശേഷം ബംഗാൾ ഉൾക്കടലിൽ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചിരുന്ന കിഴക്കൻ കാറ്റിൻ്റെ ഗതിയിൽ മാറ്റം വരുത്തി. ഇതോടൊപ്പം ഈർപ്പ പ്രവാഹത്തെയും ദക്ഷിണേന്ത്യയുടെ ഭാഗങ്ങളിൽ ഇല്ലാതാക്കി.
നവംബർ ഒന്നാം വാരത്തിന്റെ അവസാന ദിവസങ്ങളിലായി കൂടുതൽ മഴ ലഭിക്കാനുള്ള സാഹചര്യം ഉണ്ട്. തമിഴ്നാട്ടിൽ തുലാവർഷക്കാറ്റ് ശക്തിപ്പെടുന്നതോടെ കേരളത്തിലും വൈകിട്ട് ഇടിയോടുകൂടെയുള്ള തുലാവർഷം മഴ ലഭിച്ചു തുടങ്ങും. ചൈനക്ക് മുകളിൽ എതിർ ചുഴലി (രൂപപ്പെടുന്നതാണ് പസഫിക് സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും കാറ്റിനെ ശക്തിപ്പെടുത്തുക.
കിഴക്കൻ ചൈന കടലിൽ നിന്ന് പസഫിക് സമുദ്രത്തിലേക്ക് ഈർപ്പമുള്ള കാറ്റ് പ്രവഹിക്കുകയും അത് ബംഗാൾ ഉൾക്കടൽ വഴി തമിഴ്നാട് ഉൾപ്പെടെയുള്ള കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവേശിക്കുകയും ചെയ്യും. ഇത് കേരളത്തിലേക്ക് എത്താനും കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഇടിയോടുകൂടെ ശക്തമായ മഴ ഉണ്ടാക്കാനും സാധ്യതയുണ്ട്. നവംബർ 6 ന് ശേഷം നവംബർ അവസാനം വരെയുള്ള ദിവസങ്ങളിൽ ഈ സാഹചര്യം തുടരാനാണ് സാധ്യത.
https://www.facebook.com/Malayalivartha