കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം; കനത്ത മഴയിലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം 127 ആയി
കേരളത്തിലടക്കം രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ ചുഴലിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം കനത്ത മഴയിലും പൊടിക്കാറ്റിലും ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം 127 ആയി.
രാജസ്ഥാൻ ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 48 മണിക്കൂർ നേരത്തേക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം അടുത്ത അഞ്ചു ദിവസം ഇതേ സാഹചര്യം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഢ്, ഡൽഹി, പഞ്ചാബ്, ബീഹാർ, ജാർഖണ്ഡ്, സിക്കിം, ഒഡീഷ, വടക്കുപടിഞ്ഞാറൻ മധ്യപ്രദേശ്, തെലങ്കാന, റായലസീമ, വടക്ക് തീരദേശ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ് കാറ്റ് ശക്തി പ്രാപിക്കുക.
പൊടിക്കാറ്റിനെ തുടർന്ന് രാജസ്ഥാനിൽ 36 പേർ മരിക്കുകയും 209 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മിന്നലേറ്റാണ് മിക്കവരും മരിച്ചതെന്നാണ് ഒൗദ്യോഗിക വിശദീകരണം. കാറ്റിൽ 12,000 വൈദ്യുത പോസ്റ്റുകളും 2,500 ട്രാൻസ്ഫോമറുകളും തകർന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.
ഉത്തർപ്രദേശിൽ 73 പേരാണ് മരിച്ചത്. 91 പേർക്ക് പരിക്കേറ്റു. തെലങ്കാനയിൽ കാറ്റിനെ തുടർന്ന് നിരവധി മരങ്ങളാണ് തകർന്നത്. വൈദ്യുതിയില്ലാത്തതിനാൽ കഴിഞ്ഞ രാത്രി മുതൽ തെലങ്കാനയുടെ പല ഭാഗങ്ങളും ഇരുട്ടിലാണ്. ഇവിടെ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha