കടല്‍ക്കൊല കേസ് എന്‍.ഐ.എ അന്വേഷിക്കും
കടല്‍ക്കൊല കേസിലെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇന്ത്യന്‍ നിയമത്തിന് കീഴില്‍ വിചാരണ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കേസ് കൈമാറിയ കാര്യം നാളെ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. സുപ്രീം കോടതി ഉത്തരവു പ്രകാരം കടല്‍ക്കൊല കേസിന്റെ വിചാരണക്കായി പ്രത്യേക കോടതി രൂപീകരിച്ചതായി ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ എന്‍.ഐ.എയെ കേസ് ഏല്‍പ്പിച്ചതോടെ വിചാരണക്കായി പ്രത്യേക കോടതി ആവശ്യമില്ലെന്ന കാര്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.
കൊല്ലം തീരത്തുവെച്ച് രണ്ടു മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊന്ന കേസ് അന്വേഷിക്കാന്‍ കേരള പോലീസിന് അധികാരമില്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവാണു മറ്റൊരു അന്വേഷണ ഏജന്‍സി അനിവാര്യമാക്കിയത്. കോടതിയില്‍ വിചാരണ തുടങ്ങുമ്പോള്‍ പ്രോസിക്യൂഷന്‍ ഭാഗത്തു ഹാജരാകാന്‍ കേസ് ഇതുവരെ അന്വേഷിച്ച കേരളാ പോലീസിനു സുപ്രീംകോടതി വിധി തടസമാകും. ഈ സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഒരു ഏജന്‍സിയെ അന്വേഷണം ഏല്‌പിക്കുന്നത്. തീവ്രവാദവും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുകയാണു ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക ദൗത്യം. എന്നാല്‍ മറ്റൊരു വിദേശ രാജ്യവുമായി ബന്ധപ്പെട്ട നിയമ, നയതന്ത്ര പ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ടതും ഇന്ത്യയിലും ഇറ്റലിയിലും വലിയ വിവാദമാവുകയും ചെയ്‌ത കേസായതിനാല്‍ കടല്‍ക്കൊലയുടെ അന്വേഷണത്തിന് എന്‍ഐഎ ആകാമെന്നാണ് വിലയിരുത്തല്‍.
2012 ഫെബ്രുവരിയിലാണ് കൊല്ലത്തെ നീണ്ടകരയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടിനു നേരെ ഇറ്റാലിയന്‍ കപ്പലായ എന്‍ട്രിക്ക ലക്‌സിയില്‍ നിന്നും വെടിവെയ്‌പ്പ് ഉണ്ടായത്. സംഭവത്തില്‍ രണ്ട് മത്സ്യ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കപ്പലിലെ സുരക്ഷാ ചുമതലയുള്ള നാവികരായ സാല്‍വത്തോറ ജിറോണ്‍, ലസ്‌തോറെ മാസിമിലിയാനോ എന്നിവരെ കേരള പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha