ഇന്ത്യന്‍ ക്യാന്‍സര്‍ രോഗികളെ കൊള്ളയടിക്കാനുള്ള സ്വിസ് കുത്തക കമ്പനിയുടെ ശ്രമത്തെ സുപ്രീം കോടതി തടഞ്ഞു
അര്‍ബുദ രോഗത്തിന്റെ മരുന്നിന്റെ പേറ്റന്റ് ലഭിക്കുന്നതിന് സ്വിസ് കമ്പനി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വിസ് കമ്പനിയായ നൊവാര്‍ട്ടിസ് നല്‍കിയ ഹര്‍ജി പിഴയോടെയാണ് സുപ്രീം കോടതി തള്ളിയത്. രാജ്യത്തെ അര്‍ബുദ രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണ് വിധി. നൊവാര്‍ട്ടീസിന്റെ മരുന്നായ ഗ്ലിവെക്കിനില്‍ പുതിയതായി ഒന്നുമില്ലെന്നും സുപ്രീം കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ അഫ്‌താബ് ആലവും രഞ്‌ജനാ പ്രകാശ് ദേശായിയുമാണ് വിധി പ്രസ്‌താവിച്ചത്. ചെലവു കുറഞ്ഞ രീതിയില്‍ മരുന്ന് ഉല്‍പാദിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ വിധി ആശ്വാസകരമാകും
മെഡിക്കല്‍ ഗവേഷണ രംഗത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പുതിയ മരുന്നുകള്‍ വികസിപ്പിക്കുന്നതെന്നും ഈ നിക്ഷേപം പാഴായി പോകാന്‍ അനുവദിക്കരുതെന്നും ആയിരുന്നു കമ്പനിയുടെ പ്രധാനവാദം. രണ്ടര മാസത്തോളം വാദം കേട്ട ശേഷമാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ഗ്ലീവിക്കിന്റെ പേറ്റന്റിനായി 2006 ല്‍ കമ്പനി പേറ്റന്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.
പേറ്റന്റ് നിയമത്തിലെ 3(ഡി), 3(ബി) വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെതിരേ ചെന്നൈയിലെ ബൗദ്ധിക സ്വത്തവകാശ അപ്പലേറ്റ് അഥോറിറ്റിയെയും നൊവാട്ടീസ് സമീപിച്ചെങ്കിലും ഇവിടെയും അപ്പീല്‍ തള്ളപ്പെട്ടു. തുടര്‍ന്നാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്. മരുന്നുകളുടെ ഫോര്‍മുലയില്‍ ചെറിയ മാറ്റം വരുത്തി പേറ്റന്റ് നേടുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് പേറ്റന്റ് നിയമത്തിലെ 3(ഡി) വകുപ്പ്. പൊതുജനതാല്‍പര്യത്തിന് വിരുദ്ധമായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പേറ്റന്റ് നല്‍കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് 3 (ബി) വകുപ്പ്. സ്വിസ് കമ്പനി അനുകൂല വിധിക്കായി ഏഴ് വര്‍ഷം നീണ്ട നിയമയുദ്ധമാണ് നടത്തിയത്.
ഈ വിധിയോടെ അര്‍ബുദത്തിനുള്ള മരുന്നുകളുടെ വില സാധാരണക്കാര്‍ക്കു താങ്ങാവുന്ന തരത്തിലാകും. ഇല്ലെങ്കില്‍ ഒരു മാസം മാത്രം ഒന്നര ലക്ഷം രൂപ രോഗികള്‍ക്ക് നല്‍കേണ്ടി വരുമായിരുന്നു. കുറഞ്ഞ വിലയില്‍ ഇത്തരം മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനികളാണ് പല രാജ്യങ്ങളിലും അര്‍ബുദ മരുന്നുകള്‍ ലഭ്യമാക്കുന്നത്.
https://www.facebook.com/Malayalivartha