നടൻ വിനോദ് തോമസ് മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ച്:- വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായെന്ന് നിഗമനം.

പ്രശസ്ത ചലച്ചിത്രതാരം വിനോദ് തോമസിനെ കോട്ടയം പാമ്പാടിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്റ്റാർട്ട് ചെയ്ത കാറിൽ എ സി ഓണാക്കി ഗ്ളാസ്സ് പൂട്ടിയിരുന്നു. മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായെന്ന് നിഗമനം. പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ വൈകുന്നേരം അഞ്ചരയോടെയാണ് വിനോദിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. രാവിലെ 11 മണി മുതൽ ഉണ്ടായിരുന്ന വിനോദ് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ഉള്ളിൽ കയറി എസി ഓൺ ആക്കിയിട്ട് ഇരുന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാർ തുറക്കാതെ വന്നതോടെ ബാർ ജീവനക്കാർ മുട്ടി വിളിച്ചു. വാതിൽ തുറക്കാതെയായതോടെ കാറിന്റെ ചില്ല് തകർത്താണ് വാതിൽ തുറന്നത്.
തുടർച്ചയായി കാറിനുള്ളിലെ എസി പ്രവർത്തിച്ചതിനെ തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക അനുമാനവും. അയ്യപ്പനും കോശിയും, ജൂൺ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ആമത്തെ വയസിലാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.കോട്ടയം മീനടം സ്വദേശിയാണ്.
https://www.facebook.com/Malayalivartha