സഹോ ദാസപ്പന്‍ പൊളിച്ചു മുത്തേ; ബോള്‍ഗാട്ടിയില്‍ നിന്നൊരു ചിരിമരുന്ന്

കട്ടപ്പനയിലെ ഹൃതിക്ക് റോഷന്റെ കൂട്ടുകാരന്‍ ദാസപ്പന്‍ ഇപ്പോള്‍ മലയാള സിനിമയിലെ സ്റ്റാര്‍ കൊമേഡിയനാണ്. മരിക്കാന്‍ പോയപ്പോ എന്താടാ വിളിക്കാത്തെ എന്ന ദാസപ്പന്റെ ചോദ്യത്തിന് വിളിച്ചാല്‍ നീ കൂടെ നീ കൂടെവരും എന്നറിയാം അതാടാ വിളിക്കാത്തെ എന്ന ഉണ്ണിയുടെ ഡയലോഗാണ് തിയേറ്ററില്‍ ദാസപ്പന് ഏറ്റവും വലിയ കൈയ്യടി ലഭിച്ച സീന്‍. കൂട്ടുകാരന്‍ എന്നാല്‍ എന്താണെന്ന് കാണിച്ച ഡയലോഗായിരുന്നു അത്. പിന്നെ സഹോ വിളിയും. സംഭാഷണശൈലികൊണ്ട് മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവ് എല്ലാവര്‍ക്കും കിട്ടുന്ന അനുഗ്രഹമല്ല. എന്നാല്‍ ചിരിയുടെ മാരി പെയ്യിക്കുകയാണ് കൊച്ചി മുളകുകാട് സ്വദേശിയായ മലയാളികളുടെ സ്വന്തം 'ധര്‍മ്മജന്‍ ബോള്‍ഗാട്ടി' എന്ന ചെറിയ ശരീരമുള്ള ഈ വലിയ കലാകാരന്‍. എന്നാല്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ ദാസപ്പന്റെ ശബ്ദമൊന്ന് ഇടറിയപ്പോള്‍ മലയാളികളുടെ കണ്ണുകളും നിറഞ്ഞു. കാരണം തങ്ങളെ കുടുകുടെ ചിരിപ്പിച്ച നടന്റെ കണ്ണുകള്‍ നിറയുന്നത് കാണാന്‍ പ്രേക്ഷകര്‍ക്കും കഴിഞ്ഞില്ല.
സ്‌റ്റേജ് ആര്‍ട്ടിസ്റ്റ്, ടെലിവിഷന്‍ അവതാരകന്‍, നടന്‍ എന്നിങ്ങനെ പല വേഷങ്ങളിലും പ്രേക്ഷകരുടെ മനസില്‍ സന്തോഷം നിറയ്ക്കുന്നു ഈ പ്രതിഭ. ബഡായിബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ രമേഷ് പിഷാരടിക്കൊപ്പം തമാശയുടെ പൂരം തീര്‍ക്കുന്ന ഈ കലാകാരന്‍ 2010 മുതല്‍ ഈ മേഖലയില്‍ സജീവമാണ്. പരിപാടിയില്‍ ധര്‍മ്മജന്റെ രംഗപ്രവേശനത്തോട് കൂടി എല്ലാവരും ഉഷാറാകുന്നു. പ്രേക്ഷകരെ ചിരിയിലൂടെ കൈയ്യിലെടുക്കാന്‍ വളരെക്കുറച്ച് കലാകാര്‍ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളു. ഹാസ്യതാരങ്ങളായ സുരാജ് വെഞ്ഞാറമൂട്, സലീംകുമാര്‍, ജഗതിശ്രീകുമാര്‍ എന്നിവര്‍ക്ക് ശേഷം ചിരിപ്പിക്കാന്‍ മാത്രമല്ല കണ്ണുനിറയിക്കാനും അഭിനയത്തില്‍ക്കൂടെ സാധിക്കുമെന്ന് നമുക്ക് മനസിലാക്കിതന്ന ഹാസ്യ നടനാണ് അദ്ദേഹം.
2010 ല്‍ പാപ്പി അപ്പച്ചന്‍ എന്ന സിനിമയില്‍ ദിലീപ്, ഇന്നസെന്റ് തുടങ്ങിയവര്‍ക്കൊപ്പം സിനിമയിലേക്ക് രംഗപ്രവേശനം ചെയ്തു. കുട്ടാപ്പി എന്ന കഥാപാത്രത്തിന്റെ റോള്‍ ചെറുതായിരുന്നെങ്കിലും ലീഡ് ചെയ്യുന്നതായിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ ദാസപ്പന്‍ ധര്‍മ്മജന്റെ കരിയറിലെ മറ്റൊരു നേട്ടം കൂടെയാണ്. സിനിമയുടെ വിജയത്തിനുപിന്നില്‍ തീര്‍ച്ചയായും ദാസപ്പന്‍ എന്ന കഥാപാത്രത്തിനും പങ്കുണ്ട്. ടെലിവിഷനില്‍ ഹാസ്യപരിപാടികളുടെ ഭാഗമായ ധര്‍മ്മജന് വെര്‍സറ്റൈല്‍ പെര്‍ഫോമറിനുള്ള ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കോമഡിയുടെ അവതരണശൈലിയാണ് അദ്ദേഹത്തെ മറ്റു ഹാസ്യതാരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ വരവോടുകൂടി നമുക്ക് ഒരു നടനെക്കൂടി ലഭിച്ചിരിക്കുകയാണ്.
കൊച്ചി മുളകുകാട് ഹൈസ്‌ക്കൂള്‍, സെന്റ് ആല്‍ബര്‍ട്ട് കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 32ഓളം സിനിമകളിലും സ്‌റ്റേജ് ഷോ, ടിവി പ്രോഗ്രാം എന്നിവയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഭാര്യ അനുജയും വൈഗ, വേദ എന്നീ രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് ധര്‍മ്മജന്റെ കൊച്ചുകുടുംബം.
https://www.facebook.com/Malayalivartha






















