സുറുമിയും വാര്‍ത്തകളില്‍...മഹാനഗരങ്ങളെ ക്യാന്‍വാസിലൊരുക്കി മമ്മൂട്ടിയുടെ മകള്‍; പിന്തുണ തരുന്നത് വാപ്പച്ചി

സുറുമിയുടെ ലോകം എന്നും വരകളുടേതാണ്. വാപ്പച്ചിയും ദുല്‍ഖറും അഭിനയലോകത്തായതുകൊണ്ടാകും താന്‍ വ്യത്യസ്ത മേഖല തേടിയതെന്നും സുറുമി. വരകളിലൂടെ താന്‍ കഥാപാത്രമാകുന്നു സുറുമി പറയുന്നു. ഇത് വരകളുടെ ക്യാന്‍വാസ്. മലയാളത്തിന്റെ മഹാനടന്റെ മകള്‍, തെന്നിന്ത്യന്‍ യുവനടന്റെ സഹോദരി, രാജ്യത്തെ പ്രശസ്തനായ ഹൃദയശസ്ത്രക്രിയാവിദഗ്ധന്റെ ഭാര്യ. ഈ മൂന്നുമേല്‍വിലാസങ്ങളുടെ വലിയവൃത്തങ്ങളെ സ്വന്തം പ്രതിഭകൊണ്ടു മറികടക്കാനൊരുങ്ങുകയാണ് സുറുമി മമ്മൂട്ടി എന്ന ചിത്രകാരി. ഇന്ത്യയിലെ മഹാനഗരങ്ങളിലെ പ്രകൃതിദൃശ്യങ്ങള്‍ കോര്‍ത്തിണക്കി, നടന്‍ മമ്മൂട്ടിയുടെ മകള്‍ സുറുമി വരച്ച ഏതാനും ചിത്രങ്ങള്‍ വില്‍പ്പനയ്‌ക്കൊരുങ്ങിയിരിക്കുകയാണ്. മമ്മൂട്ടി, സുറുമി, ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ സയ്യദ് എന്നിവര്‍ ട്രസ്റ്റിമാരായുള്ള 'വാസ്' എന്ന സന്നദ്ധസംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ചിത്രങ്ങള്‍ വില്‍ക്കുന്നത്.
വളരെ ആസ്വദിച്ചാണു ചിത്രങ്ങള്‍ വരയ്ക്കുന്നതെന്ന് സുറുമി പറഞ്ഞു. ചിത്രരചനയുടെ എല്ലാഘട്ടങ്ങളിലും ഡോ. റെയ്ഹാന്‍ നല്‍കുന്ന പിന്തുണ കൂടുതല്‍വരയ്ക്കാന്‍ പ്രചോദനംനല്‍കുന്നു. അതുപോലെ ഡാഡിയും മമ്മയും സഹോദരന്‍ ദുല്‍ഖര്‍ സല്‍മാനും നല്ലപിന്തുണയാണു നല്‍കുന്നത്. കുറച്ചുചിത്രങ്ങള്‍കൂടി വരച്ചശേഷം പ്രദര്‍ശനം സംഘടിപ്പിക്കാനും സുറുമിക്ക് പദ്ധതിയുണ്ട്. വിദേശത്തുംമറ്റും പോയിവരുമ്പോള്‍ ചിത്രരചനയ്ക്കുവേണ്ട ഉപകരണങ്ങളും വര്‍ണങ്ങളും കുഞ്ഞുസുറുമിക്ക് സമ്മാനമായി വാങ്ങുമായിരുന്നു മമ്മൂട്ടി.
ഈ സമ്മാനങ്ങള്‍ സുറുമിയിലെ ചിത്രകാരിയെ വളര്‍ത്തി. സ്‌കൂള്‍തലത്തില്‍ ചിത്രരചനയ്ക്ക് ധാരാളംസമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ചിത്രരചനയോടുള്ള അഭിനിവേശംകൊണ്ടാണ് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദ, ബിരുദാനന്തരപഠനങ്ങള്‍ നടത്തിയത്. ചെന്നൈ സ്‌റ്റെല്ലാ മേരീസില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ സുറുമി ലണ്ടന്‍ ചെല്‍സി കോളേജ് ഓഫ് ആര്‍ട്‌സില്‍നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്.
https://www.facebook.com/Malayalivartha






















