സിദ്ധിഖ് ചിത്രത്തില്‍ ആദ്യമായി ലാല്‍

ഒരു കാലഘട്ടത്തിലെ ഏറ്റവും മികച്ച മലയാള ചലച്ചിത്രങ്ങളുടെ അമരത്ത് സിദ്ധിഖ്-ലാല്‍ എന്ന പേര് സ്ഥിരസാന്നിധ്യമായിരുന്നു. റാംജിറാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങിയ ചിത്രങ്ങള്‍ മലയാളികളുടെ അന്നുവരെയുണ്ടായിരുന്ന സിനിമാസങ്കല്പങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കിയവയായിരുന്നു.
മലയാളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അന്യഭാഷയിലേക്ക് റീമെയ്ക്ക് ചെയ്തതും സിദ്ധിഖ്-ലാല്‍ ചിത്രങ്ങളാണ്. എന്നാല്‍ സൂപ്പര്‍ഹിറ്റ് സംവിധായകരായ സിദ്ധിഖ്-ലാലിന്റെ വേര്‍പിരിവ് 1995-ല്‍ വലിയ നടുക്കത്തോടെയാണ് മലയാള സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരും കേട്ടത്. ഇരുവര്‍ക്കുമിടയിലെ ഭിന്നത രൂക്ഷമായ കാലഘട്ടം കൂടിയായിരുന്നു അത്.
അപ്പോഴേക്കും അഭിനയത്തിലേക്ക് കാല്‍വെയ്പ്പ് നടത്തിയ ലാല്‍, നിര്‍മ്മാണം, വിതരണം തുടങ്ങിയ മേഖലകളിലൂടെ സഞ്ചരിച്ചു. നായകനായും പ്രതിനായകനായും ഹാസ്യകഥാപാത്രങ്ങളിലൂടെയും ലാല്‍ മലയാളികളുടെ ഇഷ്ടനടനായി മാറുകയും ചെയ്തു.
സംവിധാന കുപ്പായത്തില്‍ നിന്നും പുറത്തുകടക്കാതിരുന്ന സിദ്ധിഖ്, മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തന്റെ വിജയം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ തമിഴില്‍ വിജയ്‌യെ നായകനാക്കി ഫ്രണ്ട്‌സ്, കാവലന്‍; ഹിന്ദിയില്‍ സല്‍മാന്‍ ഖാനെ നായകനാക്കി ബോഡിഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ വിജയപരമ്പര്യം തുടര്‍ന്നുകൊണ്ടിരുന്നു.
മലയാള സിനിമാലോകത്ത് പില്‍ക്കാലത്ത് അഭിവാജ്യഘടകമായി മാറിയ ലാല്‍ എന്ന നടനെ സിദ്ധിഖ് ചിത്രങ്ങളില്‍ പിന്നീട് കാണാന്‍ കഴിഞ്ഞിരുന്നില്ല.
സിദ്ധിഖ്-ലാല്‍ ബന്ധത്തിന്റെ മഞ്ഞുരുകലിന്റെ സൂചകമായി കഴിഞ്ഞ വര്‍ഷം ഔസേപ്പച്ചന്‍ നിര്‍മ്മാണം ചെയ്ത കിംഗ് ലയറില്‍ ഇരുവരും ഒരുമിച്ച് തിരക്കഥ രചിച്ചിരുന്നു. ലാല്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇരുവരുടെയും വേര്‍പിരിയലിന് ശേഷം 22 വര്‍ഷങ്ങള്‍ക്കിപ്പുറം സിദ്ധിഖ് ചിത്രത്തില്‍ ലാല്‍ പ്രധാന കഥാപാത്രമായി മാറുകയാണ്.
ഫെബ്രുവരി 3-ന് റിലീസ് ചെയ്യുന്ന 'ഫുക്രി'യിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സിദ്ധിഖിന്റെ 'എസ് ടാക്കീസ്' എന്ന കമ്പനിയുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ഫുക്രി. ജയസൂര്യയും ലാലുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
നടന്‍ സിദ്ധിഖ്, പ്രയാഗ മാര്‍ട്ടിന്‍, അനു സിതാര, ലക്ഷ്മിപ്രിയ മേനോന്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പ്രതിനായക വേഷം ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ജോണ്‍ കൈപ്പള്ളില്‍ ഫുക്രിയില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്.
മലയാള ചലച്ചിത്ര ലോകത്തെ സിദ്ധിഖ്-ലാല്‍ എന്ന വസന്തകാലത്തിലേക്കുള്ള തിരിച്ചുപോക്കുകൂടിയാകും 'ഫുക്രി'...
https://www.facebook.com/Malayalivartha






















