കൊടും വിഷമുള്ള പാമ്പുകള്‍ക്ക് നടുവില്‍ ഷൂട്ടിങ്, ഒരു കൂലസലുമില്ലാതെ മോഹന്‍ലാല്‍!

മറ്റൊരു കീര്‍ത്തിചക്രയോ, കാണ്ഡഹാറോ, കുരുക്ഷേത്രയോ ആയിരിയ്ക്കും 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് ജോര്‍ജ്ജിയയില്‍ ആരംഭിച്ചു കഴിഞ്ഞു. കഥാപാത്രമായിക്കഴിഞ്ഞാല്‍ തണുപ്പിനും ചൂടിനും ഒന്നും മോഹന്‍ലാല്‍ കുലുങ്ങാറില്ല. എന്തിന് കൊടും വിഷമുള്ള പാമ്പുകള്‍ക്ക് നടുവിലാണ് ഷൂട്ടിങ് എന്നാലും ലാലിന് നോ പ്രോബ്ലം!
അതെ.., മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ അച്ഛന്‍ മേജര്‍ സഹദേവനായും മോഹന്‍ലാല്‍ എത്തുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഷൂട്ടിങ് നടന്നത് കൊടും വിഷമുള്ള പാമ്പുകള്‍ക്ക് നടുവിലാണ്. ആ അനുഭവത്തെ കുറിച്ച് സംവിധായന്‍ മേജര്‍ രവി പറയുന്നു...
''സിനിമയുടെ ഒരു പ്രധാന ലൊക്കേഷനായി നിശ്ചയിച്ചത് രാജസ്ഥാനിലെ മരുഭൂമിയാണ്. ഇന്ത്യ-പാക് യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യം ശക്തമായ ടാങ്ക് ആക്രമണം അഴിച്ചുവിട്ടത് ഇവിടെവച്ചാണ്. അന്നത്തെ ആ ടാങ്ക് യുദ്ധത്തിനിടെ നടന്ന ഒരു സംഭവമാണ് കഥയുടെ ത്രെഡ്. അതുകൊണ്ടുതന്നെ രാജസ്ഥാനിലെ രംഗങ്ങള്‍ ധാരാളമായി തിരക്കഥയില്‍ എഴുതിചേര്‍ത്തിരുന്നു.
ലൊക്കേഷന്‍ ഹണ്ടിനായി എത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ഓരോന്നായി അഭിമുഖീകരിക്കേണ്ടി വന്നത്. മരുഭൂമിയിലൂടെയുള്ള യാത്രയില്‍ ഞങ്ങള്‍ക്ക് ഉടനീളം പോത്തുകള്‍ ചത്തുകിടക്കുന്നത് കാണ്ടു. കാട്ടുമൃഗങ്ങള്‍ വേട്ടയാടി കൊന്നതല്ല എന്ന് വ്യക്തം. കാരണം അവയുടെ ദേഹത്ത് ഒരു മുറിവ് പോലുമില്ല. തിരിച്ച് സൈനികകേന്ദ്രത്തിലെത്തി അവിടുത്തെ ഉദ്യോഗസ്ഥന്മാരോട് കാരണം തിരക്കിയപ്പോഴാണ് അതറിഞ്ഞത്.
അവിടെ കൊടുംവിഷമുള്ള വിവിധജാതി പാമ്പുകളുണ്ട്. അവയുടെ ദംശനമേറ്റാണ് ഈ പോത്തുകള്‍ മരിക്കുന്നത്. അതോടെ ഞങ്ങള്‍ക്ക് ടെന്‍ഷനായി. പക്ഷേ പറഞ്ഞിട്ട് എന്തുകാര്യം? ഇതിനോടകം സെറ്റുവര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇനി ഷൂട്ടിംഗ് മറ്റൊരിടത്തേയ്ക്ക് മാറ്റുന്നത് പ്രായോഗികമല്ല. പെര്‍മിഷന്റെ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്.
ഏതായാലും ലാല്‍സാറിനോട് വിവരങ്ങള്‍ പറഞ്ഞു. വിവരം പറഞ്ഞപ്പോള്‍ ലാല്‍ സാറിന് ഒരു കുലുക്കവുമില്ല. നമുക്ക് അവിടെ തന്നെ ഷൂട്ട് ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. ലാല്‍സാറിന്റെ ആത്മവിശ്വാസം കണ്ടപ്പോള്‍ ഞങ്ങള്‍ക്കും ആശ്വാസമായി.
പാമ്പിന്റെ ശല്യമുണ്ടാകാതിരിക്കാന്‍ ഷൂട്ടിംഗ് സമയത്ത് ലൊക്കേഷനില്‍ മുഴുവനും ഒരു പ്രത്യേകതരം മരുന്ന് സ്‌പ്രേ ചെയ്തു. എല്ലാവര്‍ക്കും പട്ടാളബൂട്ട്‌സ് നിര്‍ബന്ധമാക്കി. എന്നിട്ടും ഉള്ളുകൊണ്ട് ഭയമുണ്ടായിരുന്നു. നേര്‍ക്കുനേരെയുള്ള ആക്രമണമല്ലല്ലോ? എവിടുന്ന് എപ്പോള്‍ എങ്ങനെയത് സംഭവിക്കുമെന്ന് ആര്‍ക്കറിയാം?
അമ്പതിലേറെ ടയറുകള്‍ കത്തിച്ചാണ് അവിടുത്തെ യുദ്ധരംഗങ്ങള്‍ മിക്കവാറും പകര്‍ത്തിയിരുന്നത്. ടയറ് കത്തുമ്പോഴുള്ള കറുത്ത പുക ശ്വസിക്കാതിരിക്കാന്‍ ഞങ്ങള്‍ മാസ്‌ക്കുകളൊക്കെ ധരിച്ചിരുന്നു. പക്ഷേ ലാല്‍സാര്‍, ആര്‍ട്ടിസ്റ്റല്ലേ. ഷോട്ട് സമയത്ത് അദ്ദേഹത്തിന് മാസ്‌ക് ഉപയോഗിക്കാന്‍ പറ്റില്ലല്ലോ? അതുകൊണ്ട് കറുത്തപുക മുഴുവനും ശ്വസിച്ചാണ് അദ്ദേഹം ഷോട്ടിന് നിന്നത്. മൂന്നാം ദിവസം ഇന്‍ഫെക്ഷനായി. പിന്നെ ആന്റി ബയോട്ടിക് എടുക്കേണ്ടിവന്നു. എന്നിട്ടും അദ്ദേഹം ആ ഷോട്ട്‌സുകളില്‍നിന്ന് പിന്മാറിയില്ല.
രാജസ്ഥാനിലെ കാലാവസ്ഥയും പ്രതികൂലമായിരുന്നു. രാത്രി കഠിനമായ തണുപ്പ്. പകല്‍ കത്തുന്ന ചൂട്. തണുപ്പിലും ചൂടിലും ഞങ്ങള്‍ ഷൂട്ട് ചെയ്തു. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ചു. ഞങ്ങളെ മുന്നില്‍നിന്ന് നയിക്കുന്നത് മേജര്‍ സഹദേവനല്ലേ. പിന്നെ ഞങ്ങള്‍ എന്തിന് മടിച്ചുനില്‍ക്കണം മേജര്‍ രവി പറഞ്ഞു.
https://www.facebook.com/Malayalivartha






















