മോഹന്‍ലാല്‍ ചതിച്ചു; 'ഭരതം' എന്നില്‍ നിന്നും തട്ടിയെടുത്തതാണ്; സംവിധായകന്‍ സൈനുവിന്റെ വെളിപ്പെടുത്തല്‍

മോഹന്‍ലാല്‍ എന്നെ ചതിച്ചു. ആത്മാഭിമാനം ഉണ്ടെങ്കില്‍ സത്യം വെളിപ്പെടുത്തണം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് 1991 ല്‍ റിലീസ് ചെയ്ത ഭരതം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ ലാലിന് ദേശീയപുരസ്‌കാരം ലഭിച്ചു. കലാപരമായും സാമ്പത്തികപരമായി വിജയം നേടിയ ചിത്രത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോല്‍ സംവിധായകന്‍ സൈനു പള്ളിത്താഴത്ത്.
1990 ന്റെ അവസാനമാണ് സംഭവം നടക്കുന്നത്. മോഹന്‍ലാലിന്റെ പരിചയക്കാരനും സുരേഷ് കുമാറിന്റെ അയല്‍വാസിയും പഴയ കാല സംഗീത സംവിധായകനുമായ ടി കെ ലായന്‍ അവസരങ്ങള്‍ തേടി അലയുന്ന സമയം ഒരിക്കല്‍ മോഹന്‍ലാലിനെ സമീപിക്കുകയുണ്ടായി.
സഹായം തേടി സൈനുവിന്റെ അടുത്ത് നല്ലൊരു കഥ തനിക്കായി തയ്യാറാക്കിയാല്‍ ആ സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കാന്‍ അവസരം നല്‍കാമെന്ന് മോഹന്‍ലാല്‍ ഉറപ്പ് കൊടുത്തു. തുടര്‍ന്നാണ് ലായന്‍ നല്ലൊരു കഥയ്ക്കായി സുഹൃത്തായ സൈനുവിനെ സമീപിക്കുന്നത്. യേശുദാസിന്റെ നിരവധി ഗള്‍ഫ് പരിപാടികളുടെ നടത്തിപ്പുകാരനാണ് സൈനു പള്ളിത്താഴത്ത്, മാത്രവുമല്ല, കവിതാ രചന, ചെറു കഥകള്‍, ലേഖനങ്ങള്‍ തുടങ്ങി ഒരുപാട് മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ളയാള്‍ കൂടിയാണ് ഇദ്ദേഹം.
അതേസമയം, ചെറു കഥകളെഴുതുകയല്ലാതെ തിരക്കഥയൊന്നും എഴുതാന്‍ കഴിയില്ലെന്ന് പറഞ്ഞ സൈനുവിനെ പക്ഷെ ലായന്‍ വിട്ടില്ല. തുടരെ തുടരെ സൈനുവിനോട് സഹായമഭ്യര്‍ത്ഥിച്ചു. അവസാനം സൈനുവിന്റെ മനസ്സില്‍ തോന്നിയ ഒരു ആശയം ഒരു പേജില്‍ എഴുതി ലായന് കൊടുത്തു. എന്നിട്ട് ഇത് മോഹന്‍ലാലിന് കൊടുത്ത് നോക്ക് അദ്ദേഹത്തിന് ഇത് ഇഷ്ടപ്പെടുകയാണെങ്കില്‍ ഈ കഥയെ വിസ്തരിച്ചെഴുതി തിരക്കഥയാക്കി മാറ്റാമെന്നും സൈനു പറഞ്ഞു.
നാനയില്‍ കണ്ടപ്പോള്‍ ഞെട്ടി
സൈനു എഴുതിയ കഥ ആവേശപൂര്‍വം ടികെ ലായന്‍ മോഹന്‍ലാലിനെ ഏല്‍പ്പിച്ചു. സൈനുവിനെ വിളിച്ച് മോഹന്‍ലാലിന് കഥ കൊടുത്തെന്നും ഒരാഴ്ചക്കകം വിവരം തരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞതായും ലായന്‍ സൈനുവിനെ വിളിച്ചറിയിച്ചു. എന്നാല്‍ പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് കാണും ടികെ ലായന്‍ സൈനുവിന്റെ വീട്ടിലെ നമ്പറില്‍ വിളിച്ച് നാനയില്‍ സൈനുവിന്റേതിന് സമാനമായ കഥ 'ഭരതം' എന്ന പേരില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ നാന വാങ്ങി നോക്കണമെന്നും ആവശ്യപ്പെട്ടു. നാന നോക്കിയ താന്‍ ഞെട്ടിപ്പോയെന്ന് സൈനു പറയുന്നു.
കാര്യമന്വേഷിച്ച് സൈനു കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണിയില്‍ പോയെങ്കിലും തന്നെ കണ്ടയുടനെ മോഹന്‍ലാല്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. എന്നാല്‍ പിന്നീട് റൂമിലെത്തിയ താനുമായി മോഹന്‍ലാല്‍ വാക്കുതര്‍ക്കത്തിന് മുതിരുകയാണ് ഉണ്ടായത്. ഇത് തന്റെ കഥയാണെന്നതിന് എന്ത് തെളിവാണുള്ളതെന്നും മോഹന്‍ലാല്‍ ചോദിച്ചതായി സൈനു വ്യക്തമാക്കുന്നു.
ശബ്ദം ഉയര്‍ന്നപ്പോള്‍ തിക്കുറുശി സുകുമാരന്‍ നായര്‍ സാറെത്തി തന്നെ കൂട്ടിക്കൊണ്ടുപോയി വിവരങ്ങള്‍ ആരാഞ്ഞു. സിനിമയില്‍ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണെന്നും ഒന്നുമില്ലെങ്കിലും തന്റെ മനസ്സിലെ കഥ സിനിമയായി വരികയല്ലേ. അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും ഉപദേശിച്ചു. ആ മഹാ മനുഷ്യനോടുള്ള ബഹുമാനം കൊണ്ടാണ് കേസിനൊന്നും പോകാതിരുന്നതെന്ന് സൈനു പറയുന്നു. എന്നാല്‍ 25 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഇത് പറഞ്ഞത് കൊണ്ട് തനിക്ക് ഒന്നും കിട്ടാന്‍ പോകുന്നില്ലെന്നും വര്‍ഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന ഈ സംഭവം ആരും കേള്‍ക്കുന്നില്ലെന്നും സൈനു പറയുന്നു.
'ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രമാണ് താനീ സത്യങ്ങള്‍ വിളിച്ച് പറയുന്നത്. അല്ലാതെ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല. ഒരുപാട് കാലം തന്നെ ഒതുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. എല്ലാര്‍ക്കും എല്ലാ കാലവും എല്ലാരേയും ഒതുക്കാന്‍ കഴിയില്ലെന്നും പഴയ സംഗീത സംവിധായകനായ ടികെ ലായന്റെ ജീവിതം തന്നെ തകര്‍ത്തത് സിനിമ മേഖലയിലെ മാഫിയയാണെന്നും' സൈനു വ്യക്തമാക്കി.
'ഭരതം' ഒരു വന്‍ വിജയമായതില്‍ സന്തോഷമുണ്ടെങ്കിലും തന്റെ കഥയില്‍ താനില്ലാതെ പോയതിലുള്ള വിഷമം ഇന്നും സൈനുവിനെ വിട്ട് പോയിട്ടില്ല. ചെറിയ ചില മാറ്റങ്ങള്‍ എഴുത്തുകാരന്‍ വരുത്തിയിട്ടുണ്ടെന്നതൊഴിച്ചാല്‍ 'ഭരതം' പൂര്‍ണമായും തന്റെ ആശയം തന്നെയാണെന്നാണ് സൈനുവിന്റെ അവകാശം വാദം.
https://www.facebook.com/Malayalivartha






















