ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ റിലീസ് ചെയ്തതിന് ഒരു പ്രത്യേകതയുണ്ട്, എന്താണെന്നും എന്തിനാണെന്നും അറിയാമോ?

മമ്മൂട്ടിയുടെ മാസ് എന്‍ട്രിയോടെ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന 'ദ ഗ്രേറ്റ് ഫാദറി'ന്റെ ടീസര്‍ ഇന്നലെ റിലീസ് ചെയ്തു. അമല്‍ നീരദ് ചിത്രമായ ബിഗ് ബിയിലെ ബിലാലിനെ പോലെ മമ്മൂട്ടിയുടെ ഒരു സ്‌റ്റൈലിഷ്, മാസ് കഥാപാത്രമായിരിയ്ക്കും ഡേവിഡ് നൈനാന്‍ എന്ന ഉറപ്പ് നല്‍കിക്കൊണ്ടാണ് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്.
നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനെന്നപോലെ ഗംഭീര വരവേല്‍പാണ് ടീസറിനും ലഭിച്ചിരിയ്ക്കുന്നത്. അതിനൊരു കാരണമുണ്ട്. ദ ഗ്രേറ്റ് ഫാദര്‍ സിനിമാ പ്രേമോഷന്റെ പേരില്‍ ചരിത്രത്തില്‍ ഇടം നേടുന്നത് ഇങ്ങനെയാണ്... എന്താണ് ടീസര്‍ റിലീസ് ചെയ്തതില്‍ ഇത്ര പ്രത്യേകത എന്ന് ശ്രദ്ധിച്ചോ...
സാധാരണ ഒരു സിനിമയുടെ ടീസറും ട്രെയിലറുമെല്ലാം യൂട്യൂബിലൂടെ റിലീസ് ചെയ്യുകയാണ് പതിവ്. പിന്നീട് അത് ആരാധകര്‍ ഏറ്റെടുക്കുകയും ഫേസ്ബുക്കിലും മറ്റും ഷെയര്‍ ചെയ്യപ്പെടുകയുമാണ്. മാത്രമല്ല, ചെറിയ തോതിലുള്ള ബിസിനസും ഇതിന് പിന്നിലുണ്ട്... എന്നാല്‍ ദ ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ റിലീസ് ചെയ്തത് യൂട്യൂബിലല്ല, ഫേസ്ബുക്കിലാണ്.
ഫേസ്ബുക്കിലെ ക്രോസ് പോസ്റ്റിങ് എന്ന പ്രചാരണ തന്ത്രമാണ് ദ ഗ്രേറ്റ് ഫാദര്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. ഒരു കണ്ടന്റിനെ അല്ലെങ്കില്‍ സിനിമയെ എത്രത്തോളം പ്രമോട്ട് ചെയ്യാം എന്നാണ് ക്രോസ് പോസ്റ്റിങിലൂടെ ഉദ്ദേശിയ്ക്കുന്നത്. നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രതികരണം ഇതിലൂടെ ലഭിയ്ക്കുന്നു.
ഒരു സിനിമയുടെ ടീസര്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. ആഗസ്റ്റ് സിനിമാസിന്റെ പേജില്‍ അപ് ലോഡ് ചെയ്തിരിയ്ക്കുന്ന വീഡിയോ തന്നെയാണ് മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ പതിനൊന്നോളം പേജുകളില്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. ഇവരുടെ പേജുകളില്‍ നിന്ന് ആരാധകരും ഷെയര്‍ ചെയ്തു പോകുന്നു. മമ്മൂട്ടിയുടെ പേജില്‍ നിന്ന് തന്നെ പതിനായിരക്കണക്കിന് ആളുകള്‍ ടീസര്‍ ഷെയര്‍ ചെയ്തു.
തെന്നിന്ത്യയില്‍ തന്നെ ഇതൊരു വിപ്ലവകരമായ ചുവടുവയ്പ്പാണ്. മലയാളത്തില്‍ ആദ്യമായാണ് ക്രോസ് പോസ്റ്റിങ് സിനിമയ്ക്കായി ഉപയോഗിയ്ക്കുന്നത്. ബോളിവുഡില്‍ ഈ രീതി ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. ഷാരൂഖ് ഖാന്റെ റായീസിന്റെ ട്രെയിലറും ടീസറും ഫേസ്ബുക്കിലും യൂട്യൂബിലും ഒരുമിച്ചാണ് റിലീസ് ചെയ്തത്.
ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റ് ഫാദര്‍' മാര്‍ച്ച് 30-ന് തിയേറ്ററുകളിലെത്തും. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്‌നേഹയാണ് നായിക. ബേബി അനിഘ മമ്മൂട്ടിയുടെ മകളായി എത്തുന്നു. തമിഴ് നടന്‍ ആര്യ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. ഷാം, മാളവിക, ഐഎം വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
https://www.facebook.com/Malayalivartha






















