ഏഴ് വര്‍ഷമായി ഒരാളുമായി പ്രണയത്തിലാണ്; പക്ഷേ...

ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഷക്കീല മിന്നും താരമായിരുന്നു. വാണിജ്യ സിനിമകളുടെ നിലവാരത്തകര്‍ച്ചയില്‍ തീയേറ്ററുകളില്‍ ആളുകള്‍ എത്തതായപ്പോള്‍ സിനിമാക്കാര്‍ പിടിച്ചുനിന്നത് ആ പേരിന്റെ പച്ചപ്പിലായിരുന്നു. തെളിച്ചു പറയാന്‍ മടിച്ച ആ പേരിന്റെ ഉടമയുടെ ശരീരം പലരും ഒളിഞ്ഞാസ്വദിച്ചു. രണ്ടുമൂന്ന് വര്‍ഷം ഷക്കീലയെന്ന മാദകത്തിടമ്പിന്റെ ശരീരത്തില്‍ കറങ്ങി മലയാളസിനിമ. പിന്നീട്, പതുക്കെ അവര്‍ അരങ്ങൊഴിഞ്ഞു. അത്തരം സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചു. പിന്നെ ഒരുപാടുകാലം എവിടെയും പ്രത്യക്ഷപ്പെടാതിരുന്നു. മെല്ലെ അന്യ ഭാഷകളില്‍ സ്വഭാവനടി വേഷങ്ങള്‍ അവരെ തേടിയെത്തി. തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പറയാന്‍ ഒട്ടും മടിയില്ല ഷക്കീലയ്ക്ക് അത്ര സുന്ദരമല്ലാത്ത ജീവിതത്തില്‍ സന്തോഷം കണ്ടെത്തുകയാണ് അവര്‍ ഇപ്പോഴും. തന്റെ ജീവിതം തുറന്നു പറയുന്നു ഷക്കീല.
പൊലീസുകാരി ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പത്താം ക്‌ളാസ് തോറ്റപ്പോള്‍ അത് നടക്കില്ല എന്ന് മനസ്സിലായി. എനിക്ക് പഠിക്കാന്‍ തീരെ ഇഷ്ടമില്ലായിരുന്നു. ആ സമയത്ത് വീട്ടില്‍ ശരിക്കും പട്ടിണിയാണ്. അമ്മ എന്നെ ആണുങ്ങളുടെ അടുത്തേക്ക് പറഞ്ഞു വിടാന്‍ തുടങ്ങി. കുറച്ചു കാശായാല്‍ ഈ പണി നിര്‍ത്താം, കല്യാണം കഴിക്കാം എന്നൊക്കെയായിരുന്നു എന്നോട് അമ്മ പറഞ്ഞത്. അച്ഛന് ഇത് അറിയില്ലെന്നായിരുന്നു എന്നെ വിശ്വസിപ്പിച്ചിരുന്നത്. 
അച്ഛന്‍ ഉറങ്ങിക്കഴിഞ്ഞിട്ട് വീട്ടില്‍നിന്ന് ഇറങ്ങണം. ഉണരും മുമ്പ് തിരിച്ചെത്തണം. അച്ഛന്‍ അറിഞ്ഞാല്‍ തല്ലും എന്നൊക്കെയായിരുന്നു എന്നോട് പറഞ്ഞിരുന്നത്. പക്ഷേ, ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അച്ഛനും അറിഞ്ഞു കൊണ്ടായിരുന്നു അതൊക്കെ എന്നൊരു തോന്നല്‍. ഒരു മകള്‍ രാത്രി വീട്ടിലെത്തിയില്ലെങ്കില്‍ അച്ഛന്‍ അന്വേഷിക്കില്ലേ രാത്രി എവിടെ പോകുന്നുവെന്ന് ചോദിക്കില്ലേ...
എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പണ്ടേയുണ്ടായിരുന്നു. എന്റെ വീടിന് എതിര്‍വശം ഒരു സിനിമ കമ്പനിയുണ്ടായിരുന്നു. അവിടത്തെ മേക്ക് അപ്പ്മാനാണ് സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയത്. ഫോട്ടോ സെഷന്‍ പോലുമുണ്ടായില്ല. അച്ഛനായിരുന്നു എന്റെ ഡേറ്റും മറ്റു കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. 
പിന്നെ, ആറ് ഏഴ് മാസം ഒരു സിനിമയും ഞാന്‍ ചെയ്തില്ല. അപ്പോഴാണ് കിന്നാരത്തുമ്പിയുടെ ആളുകള്‍ എന്നെ കാണാന്‍ വരുന്നത്. ഇങ്ങനെ ഇരുന്നാല്‍ എങ്ങനെയാ, ഭക്ഷണമൊന്നും കഴിക്കണ്ടേ എന്ന് അമ്മ ചോദിച്ചു. എന്റെ ഫീലിംഗ്‌സ് അല്ലല്ലോ അമ്മയ്ക്ക് വേണ്ടത്, പൈസയാണല്ലോ എന്ന് ഞാന്‍ കരുതി. അങ്ങനെയാണ് ഞാന്‍ കിന്നാരത്തുമ്പികളില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.
എനിക്ക് ഒരു കുടുംബം വേണമെന്ന് അവര്‍ ആലോചിച്ചില്ല. ഞാന്‍ ആരെയെങ്കിലും പ്രേമിച്ചാലും അത് വേണ്ട എന്ന് പറഞ്ഞു. പക്ഷേ, ഇതും എന്റെ മകളാണ്, അവള്‍ക്കും ഒരു ജീവിതം വേണമെന്ന് അവര്‍ ചിന്തിച്ചില്ല. ആ ഒരു ദേഷ്യം എനിക്കുണ്ടായിരുന്നു. ഞാന്‍ പോയാല്‍ അവര്‍ക്ക് ആരു മുണ്ടാകില്ലെന്ന് അവര്‍ക്ക് പേടിയുണ്ടായിരുന്നു, പാവം! അമ്മ മരിക്കുമ്പോഴും എന്റെയൊപ്പമായിരുന്നു.
ഇപ്പോള്‍ ഒന്നിനോടും ആഗ്രഹമില്ല. കാറു വേണം,വീടുവയ്ക്കണം എന്നൊന്നുമില്ല. മരിച്ചാലും വീട്ടിലല്ല വല്ല പൊതു ശ്മശാനത്തിലുമാവും എന്നെ അടക്കം ചെയ്യുക. അതിനു വേണ്ടി എന്തിന് സമ്പാദിക്കണം. ഇപ്പോള്‍ വാടക വീട്ടില്‍ താമസിക്കുകയാണ്. തമിഴിലോ തെലുങ്കിലോ കന്നഡയിലോ സിനിമയില്‍ മാസത്തില്‍ നാലഞ്ചുദിവസം ഷൂട്ടിംഗ്ഉണ്ടാകും. അതുകൊണ്ട് ജീവിക്കും.
ഹോസ്പിറ്റല്‍ ആവശ്യത്തിനു പോലും കാശ് സമ്പാദിച്ചുവയ്ക്കാറില്ല. ഒരുപാടു പണം വന്നാലും ദുരിതമാണെന്ന് എനിക്കു മനസ്സിലായി. ഒരു സാധാരണ ജീവിതമാണ് എനിക്ക് ഇപ്പോള്‍. എന്നെ ഒരിക്കലും ആളുകള്‍ മാറ്റി നിറുത്തിയിട്ടില്ല. എല്ലാ വരും അറിഞ്ഞുകൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. മലയാളത്തിലേക്ക് തിരിച്ചു വരണമെന്നുണ്ട്. പക്ഷേ, ഇതുവരെ ഓഫറുകളൊന്നും വന്നിട്ടില്ല. എനിക്ക് പറ്റിയ കാരക്ടറുകള്‍ ഒന്നും ഉണ്ടാകാത്തത് കൊണ്ടാകും.
ഏഴു വര്‍ഷമായി ഒരാളുമായി പ്രണയത്തിലാണ്. അദ്ദേഹത്തിന്റെ ഒപ്പമാണ് ജീവിക്കുന്നതും. പക്ഷേ, അദ്ദേഹത്തിന്റെ അച്ഛന്‍ എന്നെ മരുമകളായി അംഗീകരിക്കാന്‍ തയ്യാറല്ല. അതുകൊണ്ട്, വിവാഹം കഴിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് കല്യാണം എന്നത് സര്‍ട്ടിഫിക്കറ്റ് മാത്രമായി. എന്നെ ഒരാള്‍ നോക്കുന്നുണ്ട്, സ്‌നേഹിക്കുന്നുണ്ട്, അതുമതി.
https://www.facebook.com/Malayalivartha






















