ഗായത്രി വീണയില്‍ ചരിത്രം രചിക്കാന്‍ വൈക്കം വിജയലക്ഷ്മി!!! ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്!!!

ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി ഗിന്നസ് റെക്കോര്‍ഡിലേക്ക് നടന്നു കയറാന്‍ ഒരുങ്ങുകയാണ് വൈക്കം വിജയലക്ഷ്മി എന്ന അന്ധഗായിക. പരിമിതികളെ ഉപാസനകൊണ്ട് കീഴടക്കുകയാണ് വിജയലക്ഷ്മി. മാര്‍ച്ച് അഞ്ചിന് രാവിലെ പത്ത് മണിക്ക് കൊച്ചി മരടിലെ ഹോട്ടല്‍ സരോവരത്തിലാണ് പരിപാടി അവതരിപ്പിക്കുന്നത്. അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കച്ചേരിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതേ ചടങ്ങില്‍ വച്ച് സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയക്കായി പുഴ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിദാസ് എറവക്കാട് രചച്ച കവിതാ സമാഹാരത്തിന്റെ വീഡിയോ പ്രകാശനവും നടക്കും. പുഴ പറഞ്ഞത് എന്ന് പേരിട്ടിരിക്കുന്ന വീഡിയോ സമാഹാരത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് കൃഷ്ണയാണ്. ഗായത്രിവീണയില്‍ കുറഞ്ഞ സമയത്തിലുള്ളില്‍ 51 ഗാനങ്ങള്‍ വായിക്കുകയാണ് ലക്ഷ്യം. രാവിലെ പത്ത് മുതല്‍ ഒരു മണിവരെ ശാസ്ത്രീയ സംഗീതവും ഒരു മണി മുതല്‍ മുന്ന് വരെ വിവിധ ഭാഷാ ചലച്ചിത്ര ഗാനങ്ങളും അവതരിപ്പിക്കും.

സംഗീത കച്ചേരികള്‍ അവതരിപ്പിച്ചിരുന്ന വൈക്കം വിജയലക്ഷ്മി സിനിമ പിന്നണി ഗാന രംഗത്തേക്കെത്തുന്നത് അവിചാരിതമായിട്ടായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ സെല്ലുലോയിഡ് എന്ന ചിത്രത്തിലാണ് ആദ്യമായി വിജയലക്ഷ്മി പിന്നണി പാടുന്നത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രനാണ് സിനിമയിലേക്കുള്ള വഴിതുറന്നത്.
ആദ്യമായി പാടിയ രണ്ട് സിനിമകളിലെ ഗാനത്തിനും വിജയലക്ഷ്മിക്ക് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. ആദ്യ ചിത്രം 2013ലാണ് പുറത്തിറങ്ങിയതെങ്കിലും 2012ല്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. 2012ലെ സംസ്ഥാന പുരസ്‌കാരം സെല്ലുലോയിഡിലെ ഗാനത്തിനും 2013ലെ പുരസ്‌കാരം നടനിലെ ഗാനത്തിനും ലഭിച്ചു. സെല്ലുലോയ്ഡിലെ ഗാനത്തിന് സ്‌പെഷ്യല്‍ ജൂറി പാരാമര്‍ശം ആയിരുന്നു. 2013ല്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും.
https://www.facebook.com/Malayalivartha























