കലാഭവന്‍മണി അരങ്ങൊഴിഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം

മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍മണി വിട്ട് പിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. മികച്ച സിനിമയില്‍ അഭിനയിച്ചതുക്കൊണ്ട് മാത്രമായിരുന്നില്ല പെരുമാറ്റവും സ്‌നേഹവും മറ്റ് നടന്മാരില്‍ നിന്നും മണിയെ വ്യത്യസ്തനാക്കിയിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് മണി മരിച്ചത്. എന്നാല്‍ മരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ് മരിച്ചതെങ്ങനെയെന്ന ചോദ്യം ബാക്കിവെച്ച് മലയാളത്തിന്റെ ജനപ്രിയ നടന്‍ കലാഭവന്‍ മണിയുടെ വേര്‍പാടിന് ഒരാണ്ട്. പല ഘട്ടത്തിലുള്ള അന്വേഷണത്തിലൂടെ കിട്ടിയ തെളിവുകളുടെ വെളിച്ചത്തില്‍ കൊലപാതകമെന്നോ ആത്മഹത്യയെന്നോ ഉള്ള നിഗമനത്തിലെത്താനാവാതെ പോലീസ് നില്‍ക്കുബോള്‍ മണി മരിച്ചിട്ട് ഒരുവര്‍ഷം തികയുന്നു.
ഇന്നും തീരാത്ത സംശയങ്ങളും ആശങ്കകളും ദുരൂഹതകളും ശേഷിപ്പിച്ച വിടവാങ്ങലില്‍ ജന്മനാട് ദുഃഖസ്മരണയ്ക്ക് അഞ്ജലി അര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോൾ ചാലക്കുടിക്കാരെപ്പോലെ കേരളവും ചോദിക്കുന്നു മണി മരിച്ചതെങ്ങനെ. മണിക്കൊപ്പം ഔട്ട്ഹൗസായ പാടിയിലുണ്ടായിരുന്ന സുഹൃത്തുക്കളിലേക്കായിരുന്നു ആദ്യം സംശയത്തിന്റെ മുനകള്‍ നീണ്ടത്. ഇവരില്‍ പലരെയും പോലീസ് ചോദ്യം ചെയ്തു. ആറു പേര്‍ക്ക് നുണപരിശോധന നടത്തി. നടന്മാരടക്കമുള്ള കൂട്ടുകാര്‍ സംശയത്തിന്റെ നിഴലിലായി. എന്നാല്‍, ഇവരടക്കം ആരെങ്കിലും മണിയെ ബോധപൂര്‍വം അപകടപ്പെടുത്തിയെന്നതിന് തെളിവുകള്‍ കിട്ടിയില്ല.
ഓര്‍ഗാനോഫോസ്‌ഫേറ്റ് ഇനത്തില്‍പ്പെട്ട ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി, എഥനോള്‍, അപകടകരമായ അളവില്‍ മെഥനോള്‍ എന്നിവ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു. വിഷാംശം എങ്ങനെ ഉള്ളിലെത്തിയെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. കീടനാശിനിയുടെ തെളിവുകള്‍ക്കായി പുഴയിലും തിരച്ചില്‍ നടത്തി. വ്യാജമദ്യത്തില്‍ വിഷം ഉണ്ടെന്നുവരെ പ്രചാരണം ഉണ്ടായി. മരണത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന പ്രാഥമിക നിഗമനങ്ങള്‍ക്കെതിരെ മണിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു. സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനാണ് മണിയുടെ കൂട്ടുകാരുടെ ഇടപെടലുകള്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ടതും ശക്തമായ നിലപാടെടുത്തതും. പ്രത്യേക അന്വേഷണസംഘം തലപുകച്ചെങ്കിലും കാര്യമുണ്ടായില്ല. തങ്ങള്‍ക്ക് പങ്കില്ലെന്ന് കൂട്ടുകാര്‍ ആവര്‍ത്തിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മണിയെ അപകടപ്പെടുത്തിയെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്ന് തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു. അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. മരണകാരണത്തില്‍ ഇതുവരെ വ്യക്തതയില്ല. കേരള പോലീസിന് കിട്ടാത്ത തെളിവുകള്‍ സി.ബി.ഐ.യ്ക്ക് കിട്ടുമെന്നാണ് കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ പ്രതീക്ഷ. സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചെങ്കിലും സി.ബി.ഐ. കേസ് ഏറ്റെടുത്ത അറിയിപ്പുണ്ടായില്ല.
മണിക്ക് ജന്മനാട്ടില്‍ സ്മാരകം പണിയുമെന്ന് ചാലക്കുടി നഗരസഭ പറഞ്ഞതാണ്. സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. പൊതുസ്ഥലം കണ്ടെത്തി സ്മാരകം ഒരുക്കുമെന്ന് കലാഭവന്‍ മണി അനുസ്മരണസമിതി ഭാരവാഹികള്‍. മണിയുടെ ആത്മാവിന് മോചനം നല്‍കാന്‍ പോലീസിനായില്ല. ആ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ല. ഹിന്ദു വിശ്വാസപ്രകാരം മരണം എങ്ങനെയെന്നറിഞ്ഞുള്ള കര്‍മങ്ങള്‍ ചെയ്യണം. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും മണിക്ക് നീതി അകലെയായിരുന്നു സംവിധായകന്‍ വിനയന്‍ പറയുന്നു.
https://www.facebook.com/Malayalivartha























