ഒരു മെക്‌സിക്കന്‍ അപാരതയുടെ വിജയത്തില്‍ ഞെട്ടി മുഖ്യധാരാ സിനിമാലോകം...

മെക്‌സിക്കന്‍ അപാരത മാസല്ല മരണമാസ്സ്. ഇന്നലെ രാവിലെ 8 മണിക്ക് ടൊവീനോ തോമസിനെ നായകനാക്കി, ടോം ഇമ്മട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് താരതമ്യേന പുതുമുഖങ്ങളായ അണിറയക്കാരെ വച്ച് ഒരു മെക്‌സിക്കന്‍ അപാരത റിലീസ് ചെയ്തപ്പോള്‍ നിര്‍മ്മാതാവ് അനൂപ് കണ്ണന്‍ പോലും ഇത്തരമൊരു വിജയം സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല. ഉച്ചകഴിഞ്ഞുള്ള ഷോകളിലേക്ക് കോളേജ് കുട്ടികളും, യുവാക്കളും ഇടിച്ചുകയറി. ആദ്യദിവസം തന്നെ റിലീസ് ഇടങ്ങളിലെല്ലാം ഹൗസ്ഫുള്‍. കലക്കി.
ക്യാമ്പസ് രാഷ്ട്രീയം പ്രമേയമായ ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ഇന്ന് എസ്എഫ്ഐയുടെ ചെങ്കോട്ട എന്ന് അറിയപ്പെടുന്ന മഹാരാജാസ് ക്യാമ്പസില്‍ എങ്ങനെ എസ്എഫ്ഐയുടെ പതാക ഉയര്‍ന്നു എന്ന സാങ്കല്‍പിക കഥയാണ് ചിത്രം പറയുന്നത്. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനാണ് ഒരു മെക്‌സിക്കന്‍ അപാരത നിര്‍മ്മിക്കുന്നത്. ടോവിനോ തോമസ് എന്ന നടന്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമ കൂടിയാണ് ഒരു മെക്‌സിക്കന്‍ അപാരത. സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ വന്‍ പ്രചാരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ക്യാംപസിലുള്ള കെഎസ്‌ക്യൂ- എസ്എഫ്ഐ എന്നീ വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തനത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അടിന്തരാവസ്ഥ കാലത്തെ ക്യാംപസ് രാഷ്ട്രീയം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.
പോള്‍ (ടൊവീനോ) സുഭാഷ് (നീരജ് ) രൂപേഷ് (രൂപേഷ് പീതാംബരന്‍) എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നായകനായ ടോവിനോയ്ക്ക് സിനിമയില്‍ രണ്ട് ഗെറ്റപ്പുകളാണുള്ളത്. പോള്‍ എന്ന കഥാപാത്രത്തോട് ടോവിനോ നൂറ് ശതമാനം നീതി പുലര്‍ത്തി എന്ന് തന്നെ പറയാം. പ്രതിനായക വേഷം അവതരിപ്പിച്ച രൂപേഷ് പീതാംബരനും നായക കഥാപാത്രത്തോട് തൊട്ടടുത്ത് നിന്ന നീരജ് മാധവനും തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ മികവുറ്റതാക്കി. ചില ഒളിവ് രംഗങ്ങളും കലോത്സവ രംഗങ്ങളും ഒഴികെ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് മഹാരാജാസ് കോളേജില്‍ തന്നെയാണ്.
രാഷ്ട്രീയ ക്യാംപസില്‍ പഠിച്ചിട്ടുള്ള ആര്‍ക്കും സിനിമ കാണുമ്പോള്‍ രോമാഞ്ചമുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

അടിയന്തരാവസ്ഥ കാലത്തിനു ശേഷം ക്യാംപസ് പിടിച്ചെടുത്ത കെഎസ്‌ക്യൂ എന്ന വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നും എസ്എഫ് വൈ പിടിച്ചെടുക്കുന്നതാണ് കഥാസാരം. ചിത്രത്തിന്റെ തുടക്കത്തില്‍ പ്രണയത്തില്‍ മങ്ങി രാഷ്ട്രീയ ബോധമില്ലാതെ നടന്നിരുന്ന നായകന്‍ ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിപ്ലവകാരിയാകുകയും പിന്നീട് ക്യാംപസില്‍ പാര്‍ട്ടിയുടെ വേരുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
പല യാതനകളും സഹിച്ച്എസ് എഫ് ഐയുടെ ചെങ്കൊടി ക്യാംപസില്‍ നാട്ടുനിടത്താണ് സിനിമ അവസാനിക്കുന്നത്. 'അടി' എന്ന് എഴുതി കാണിച്ചാല്‍ ഓടി ഒളിക്കുന്ന ഖദര്‍ദാരികളെ ആദ്യാവസാനം വരെ വീരശൂര പരാക്രമികളായാണ് ചിത്രീകരിച്ചിരിക്കുന്നത്. പാര്‍ട്ടിക്കകത്ത് ചില ' കുലംകുത്തികള്‍' ഉണ്ടെന്നും അവരാണ് പാര്‍ട്ടിക്കകത്തു നിന്ന് തന്നെ രക്തസാക്ഷികളെ ഉണ്ടാക്കുന്നതെന്നും സിനിമയുടെ തിരക്കഥ രചിച്ച ടോം ഇമ്മട്ടി പറഞ്ഞു വെക്കുന്നുണ്ട്. എന്നാല്‍ അത്തരക്കാരെയല്ല പട്ടിണികിടക്കുന്നവന്റെ ഒപ്പം നില്‍ക്കുന്ന പാര്‍ട്ടി പ്രത്യയശാസ്ത്രങ്ങള്‍ കൈവിടാതെ പോരാടുന്ന പ്രവര്‍ത്തകരെയാണ് പാര്‍ട്ടിക്കാവശ്യം എന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയോടെ കുട്ടി സഖാക്കളെ കൈയ്യടിപ്പിക്കുന്നുണ്ട് ചിത്രം.

പറശ്ശിനിക്കടവ് മുത്തപ്പന്‍ കണ്ണൂരിന്റെ ദൈവമാണെമന്നും അതേ സ്ഥാനത്താണ് എകെജിയും ജനങ്ങളുടെ മനസിലുള്ളതെന്ന് പറയുമ്പോഴും കണ്ണൂര്‍ ബോംബിന്റെയും രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടാണെന്നും സംവിധായകന്‍ പറഞ്ഞു വെക്കുന്നു. പൂര്‍ണ്ണമായും ഇടതുപക്ഷത്തോടൊപ്പം സഞ്ചരിക്കുന്ന ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. എല്ലാവര്‍ക്കും കണ്ടിരിക്കാവുന്ന ചിത്രമാണെങ്കിലും ക്യാംപസുകളില്‍ പഠിക്കുന്നവര്‍ക്കും പഠിച്ചു കഴിഞ്ഞവര്‍ക്കും സിനിമ ആവേശം പകരും. ക്യാംപസ് രാഷ്ട്രീയ സിനിമകളില്‍ മികച്ചു നില്‍ക്കുന്ന ഒന്നു തന്നെയാണ് ' ഒരു മെക്‌സിക്കന്‍ അപാരത'.
മെക്‌സിക്കന്‍ അപാരതയെ നെഞ്ചിലേറ്റി പ്രേക്ഷകരും
ടൊവിനോ തോമസ് നായകനായി എത്തിയ ഒരു മെക്‌സിക്കന്‍ അപാരതയെ ഏറ്റെടുത്ത് പ്രേക്ഷകര്‍. ചിത്രം റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസിങ് സെന്ററുകള്‍ എല്ലാം തന്നെ നേരത്തെ തന്നെ ഹൗസ്ഫുള്‍ ആയിരുന്നു. യുവാക്കളാണ് സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. തീയേറ്ററുകള്‍ ജനസമുദ്രമാക്കുന്ന ഉശ്ശിരന്‍ പടമെന്നാണ് സമൂഹമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

https://www.facebook.com/Malayalivartha























