അന്ന് മണി കരഞ്ഞതിനു കാരണം; വിനയന്‍ പറയുന്നു...

മണി മരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല എന്നത് എന്നെ ഏറെ വിഷമിപ്പിക്കുന്നു. മലയാളത്തിലെ മറ്റുനടന്മാരില്‍ നിന്ന് വ്യത്യസ്തമായ നടന വൈഭവമുള്ള ആളായിരുന്നു അദ്ദേഹം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ നിന്നെത്തി തന്റെ നടന ചാതുരിയിലൂടെ മലയാളികളുടെ മനസ് കീഴടക്കാന്‍ മണിക്ക് സാധിച്ചു. എന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ വേറെ ഏതു നടന്‍ അഭിനയിച്ചാലും ഇതുപോലെ സെന്റിമെന്‍സ് പിടിച്ചു പറ്റാന്‍ കഴിയില്ല. അത് മണിയോടുള്ള മലയാളിയുടെ അടുപ്പമാണ് കാണിക്കുന്നത്.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടന്‍ പാട്ടിന്റെ നന്മകള്‍ തിരിച്ചു കൊണ്ടുവന്ന നടനാണ് മണി. അദ്ദേഹം ഇപ്പോഴും മരിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്ന കുട്ടികളെ അവരുടെ അമ്മമാര്‍ എനിക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. നാടന്‍പാട്ട് ജനകീയമാക്കിയതുകൊണ്ടു തന്നെ മണിക്ക് മറ്റു സ്മാരകങ്ങള്‍ വേണ്ട എന്നു ഞാന്‍ വിശ്വസിക്കുന്നു. മണി ആ പാട്ടുകളിലൂടെ തന്നെ ജീവിക്കുന്നു. സ്വന്തമായി നാടന്‍ പാട്ട് പാടി ഹിറ്റാക്കിയ വേറെ ഏതു നടനുണ്ട്. ആ പാട്ടുകള്‍ പിന്നീട് സിനിമയിലേക്കെടുക്കുകയും ആ സിനിമ പാട്ടുകള്‍ കൊണ്ടുതന്നെ ശ്രദ്ധേയമാകുകയും ചെയ്തതെല്ലാം മണിക്ക് മാത്രം അവകാശപ്പെട്ട വിജയങ്ങളാണ്. മണി പാടുമ്പോള്‍ ആളുകള്‍ അത് ആസ്വദിക്കുന്ന രീതി കാണേണ്ടതു തന്നെയായിരുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സ്‌നേഹിക്കുന്ന ആളായിരുന്നു കലാഭവന്‍ മണി. വന്നവഴി മറക്കാതെ താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ തുറന്നു പറയുകയും ചെയ്ത മറ്റൊരു നടനില്ല. തന്നെപ്പോലെ കഷ്ടപ്പാടുകള്‍ അനുഭവിച്ചവരെ രഹസ്യമായി സഹായിക്കുന്ന നടനുമില്ല. സിനിമാ ലോകം നിറയെ ജാഡയുള്ളവരാണ്. സ്വര്‍ണത്തളികയുമായി ജനിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിചാരം. അങ്ങനെയുള്ള പൊങ്ങച്ചങ്ങള്‍ക്കിടയില്‍ മണിയെപ്പോലൊരാള്‍ ഉണ്ടായിരുന്നു എന്നത് തന്നെ അവിശ്വസനീയമാണ്. അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത് എന്റെ കല്ല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ്. അതിനുശേഷം ഉല്ലാസപ്പൂങ്കാറ്റ്, ആകാശഗംഗ, ഇന്‍ഡിപെന്‍ഡസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷമാണ് വാസന്തിയില്‍ അഭിനയിക്കാന്‍ വരുന്നത്. അന്ന് അയാള്‍ നിറയെ ചിത്രങ്ങളുള്ള അറിയപ്പെടുന്ന നടനായി മാറിക്കഴിഞ്ഞിരുന്നു. അന്യഭാഷാ ചിത്രങ്ങളിലും വേഷം ചെയ്തിരുന്നു.

വാസന്തിയില്‍ അഭിനയിക്കുമ്പോള്‍ തോമസ് മുതലാളി എത്തിയോ എന്ന് അലക്കുകാരിയോട് ചോദിക്കുന്ന സീനുണ്ട്. നിനക്ക് എങ്ങനെ മനസിലായി മുതലാളി വന്നുവെന്ന് എന്ന് അവര്‍ തിരിച്ചുചോദിക്കുമ്പോള്‍ അലക്കുന്നതിന്റെ ശബ്ദം കേട്ടപ്പോള്‍ മനസിലായി, നനയ്ക്കുന്ന ഉടുപ്പിനോട് കാണിക്കുന്ന ബഹുമാനവും സ്‌നേഹവുമൊക്കെ അലക്കുന്ന ശബ്ദത്തില്‍ നിന്ന് അറിയാം എന്നവന്‍ പറയുന്നുണ്ട്. മുതലാളി രണ്ട് ഷര്‍ട്ടും ഒരു പൈജാമയും തരാമെന്ന് പറഞ്ഞിട്ടുണ്ട്. അല്ലാതെ എനിക്കെവിടുന്നാ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പുതിയ ഉടുപ്പ് മേടിക്കാന്‍ കാശ് എന്ന് പറഞ്ഞ് ഇയാള്‍ കരഞ്ഞു കൊണ്ടു നടന്നു പോകുന്നതാണ് സീന്‍.
എന്നാല്‍ ഇതിനുശേഷവും മണി കരയുകയായിരുന്നു. ഞാന്‍ കാര്യം തിരക്കിയപ്പോഴാണ് പറയുന്നത് ഞാന്‍ എന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ത്തുപോയി, പഠിക്കുന്ന സമയത്ത് ഒരിക്കല്‍ പോലും പുതിയ ഉടുപ്പ് ഇട്ടിട്ടില്ല. അമ്മ വീട്ടുജോലിക്ക് നില്‍ക്കുന്ന വീട്ടിലെ കൊച്ചിന്റെ ഉടുപ്പ് അലക്കി കീറലൊക്കെ തുന്നി തരുമ്പോള്‍ ഞാന്‍ രാജകുമാരനെപ്പോലെ അതിട്ട് സ്‌കൂളിലേക്ക് പോകും. എന്നാല്‍ അവിടെ വച്ച് പുതിയ ഉടുപ്പാണെന്നു പറയുമ്പോള്‍ കുട്ടികള്‍ കളിയാക്കുന്നതാണ് എന്റെ മനസില്‍ വന്നത്. സാര്‍ അതോര്‍ത്തു ഞാന്‍ കരഞ്ഞു പോയി എന്നു മണി പറഞ്ഞു.
അതുപോലെ അവാര്‍ഡിന്റെ പ്രശ്‌നമുണ്ടായ സമയത്തും, ഞാന്‍ മദ്രാസില്‍ ഷൂട്ടിങ്ങിലായിരുന്നു. അഴഗപ്പനായിരുന്നു എന്നോടൊപ്പം കാമറ ചെയ്തിരുന്നത്. അഴഗപ്പന്റെ സുഹൃത്തുക്കള്‍ ജൂറിയിലുണ്ടായിരുന്നു. വാസന്തിയുടെ കാമറാമാനും അഴഗപ്പനായിരുന്നു. അയാള്‍ പറഞ്ഞു, മണി ഫൈനല്‍ ലിസ്റ്റിലുണ്ട്. മിക്കവാറും അവാര്‍ഡ് കിട്ടും. അപ്പോള്‍ ഞാന്‍ പറഞ്ഞു, അതൊന്നും പ്രതീക്ഷിക്കണ്ട, ഇതൊക്കെ ഒരു ലോബിയാണ് പ്രഖ്യാപനം വരട്ടെയെന്ന്. ഇതിനിടയില്‍ മണി എന്നെ രണ്ടുമൂന്നു തവണ വിളിച്ചു. സാര്‍ അവാര്‍ഡ് എനിക്കാണെന്നു പറയുന്നു, അപ്പോഴും ഞാന്‍ പറഞ്ഞു പ്രഖ്യാപനം വന്നിട്ട് ആഘോഷിക്കാം. പക്ഷെ മണി പുരസ്‌കാരം തനിക്കാണെന്ന് ഉറപ്പിച്ചിച്ചു കഴിഞ്ഞിരുന്നു. മണിയുടെ കൂട്ടുകാരൊക്കെ ചേര്‍ന്ന് ലഡുവിതരണവും പായസം വയ്ക്കലുമൊക്കെ നടത്തിക്കഴിഞ്ഞിരുന്നു, പ്രഖ്യാപിച്ചപ്പോഴാകട്ടെ അവാര്‍ഡ് മോഹന്‍ലാലിനും. അയാള്‍ ബോധം കെട്ട് വീണത് ഒരു പച്ച മനുഷ്യയനായതുകൊണ്ടാണ്. വികാരങ്ങള്‍ മറച്ചുവയ്ക്കാനറിയില്ലായിരുന്നു. സന്തോഷത്തില്‍ പൊട്ടിച്ചിരിക്കും, ദു:ഖത്തില്‍ പൊട്ടിക്കരയുകയും ചെയ്യും.

സിനിമക്കാരോടൊപ്പം പൊങ്ങച്ചം പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം എന്നോടൊപ്പം മണ്ണുചുമന്നവരോട് സംസാരിക്കാനാണ്, ഓട്ടോ ഒടിച്ചവരോട് വര്‍ത്തമാനം പറയാനാണ്, എന്നോടൊപ്പം കൂലിപ്പണി ചെയ്തവരോടൊപ്പം സന്തോഷിക്കാനാണ് എന്ന് മണി പറഞ്ഞിരുന്നത് മനസിന്റെ ഉള്ളില്‍ നിന്ന് തന്നെയാണ്.
https://www.facebook.com/Malayalivartha























