തിരക്കഥയ്ക്ക് പിന്നിലെ ഞെട്ടിപ്പിക്കുന്ന യഥാര്‍ത്ഥ്യം

യാതൊരു ഡിസിപ്ലിനും ഇല്ലാത്ത അരാജകത്വ ലോകമാണ് ന്യൂജെന്‍ സിനിമാക്കാരുടേത്. നടി ബിന്ദുപ്പണിക്കരുടെ വാക്കുകള്‍ കടമെടുത്താല്‍ 'സംവിധായകനാര്, ക്യാമറാമാനാര്, തിരക്കഥാകൃത്താര്, നിര്‍മാതാവാര് എന്നൊന്നും തിരിച്ചറിയാന്‍ കഴിയില്ല. എല്ലാവമ്മാരും ഓരോ നിക്കറുമിട്ട് ഇറങ്ങിക്കൊള്ളും'. നി കോ ഞാ ചാ, വണ്‍ ബൈ ടു, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, അടികപ്യാരേ കൂട്ടമണി, ഇയ്യോബിന്റെ പുസ്തകം, ഒരേ മുഖം, ചാപ്പാ കുരിശ് തുടങ്ങിയ സിനിമകളൊക്കെയും സമയത്ത് ചിത്രീകരണം പൂര്‍ത്തിയാക്കാതെ നിര്‍മാതാവിന് നഷ്ടം വരുത്തിയതാണ്. വ്യക്തമായ പ്ലാനിംഗ് ഇല്ലാതെയാണ് ഈ സിനിമകളില്‍ പലതും ചിത്രീകരിച്ചത്. വണ്‍ ബൈടു എന്ന ചിത്രം എണ്‍പത് ദിവസത്തോളം ചിത്രീകരിച്ച ശേഷം വീണ്ടും ഷൂട്ട് ചെയ്തു. നിര്‍മാതാവിന് കോടികളുടെ നഷ്ടം സംഭവിച്ചു. അദ്ദേഹം സംഘടനയ്ക്ക് പരാതി നല്‍കി. അതോടെ സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദിനെ വിലക്കി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ഈ അടുത്തകാലത്തും അരുണ്‍കുമാര്‍ സംവിധാനം ചെയ്തതാണ്. രണ്ട് ചിത്രങ്ങളുടെയും നിര്‍മാതാക്കള്‍ പറയുന്നത് സംവിധായകന്‍ തങ്ങളെ വലച്ചെന്നാണ്. യുവതാരങ്ങളാണ് തങ്ങളുടെ സിനിമയില്‍ ആര് നായികയാകണമെന്നും ക്യാമറാമാന്‍ അടക്കമുള്ള ടെക്‌നീഷ്യന്‍മാര്‍ ആരായിരിക്കണമെന്നും തീരുമാനിക്കുന്നത്. അതിന് സമ്മതിച്ചില്ലെങ്കില്‍ ഡേറ്റ് നല്‍കില്ല.
ഒരിക്കല്‍ സംവിധായകന്‍ കെ. മധു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിട്ടുണ്ട്, ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം 19 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്ന്. കേട്ടപ്പോള്‍ അതിശയോക്തി തോന്നി. എന്നാല്‍ അന്ന് കാര്യങ്ങള്‍ക്ക് അച്ചടക്കമുണ്ടായിരുന്നു, പരസ്പര ബഹുമാനം ഉണ്ടായിരുന്നു. അന്നൊക്കെ മോഹന്‍ലാല്‍ രാവിലെ ഏഴ് മണിക്ക് ലൊക്കേഷനില്‍ വരും രാത്രി ഒന്‍പത് മണി വരെ അഭിനയിക്കും. മമ്മൂട്ടി അക്കാലത്ത് ഒരു ദിവസം മൂന്ന് സിനിമകളിലാണ് അഭിനയിച്ചിരുന്നത്. അതിരാവിലെ മുതല്‍ ഉച്ചവരെ ഒരു സെറ്റില്‍ ഉച്ചകഴിഞ്ഞ് വേറൊരു സെറ്റില്‍ രാത്രി വേറൊരു ചിത്രത്തില്‍. എല്ലാം തിരുവനന്തപുരത്തോ, എറണാകുളത്തോ ആയിരുന്നു ചിത്രീകരിച്ചിരുന്നത്. ഇന്നും ലൊക്കേഷനുകള്‍ക്ക് മാറ്റമില്ല. പക്ഷെ, താരങ്ങള്‍ക്ക് മാറ്റം വന്നു. 
പതിനൊന്ന് മണി കഴിഞ്ഞേ മമ്മൂട്ടി ലൊക്കേഷനില്‍ എത്താറുള്ളൂ. മേക്കപ്പെല്ലാം കഴിഞ്ഞ് അഭിനയിച്ച് തുടങ്ങുമ്പോള്‍ പതിനൊന്നരയാകും. എന്നാല്‍ അതിരാവിലെ വരണമെന്ന് സംവിധായകന്‍ നിര്‍ബന്ധിച്ചാല്‍ അദ്ദേഹം തയ്യാറാണ്. പലര്‍ക്കും പറയാന്‍ ഭയമാണ്. രാത്രി സീനുകളൊക്കെ ഡേ ഫോര്‍ നൈറ്റാക്കാമെന്ന് (രാത്രി സീന്‍ പകല്‍ ചിത്രീകരിക്കല്‍) പറഞ്ഞാലും സംവിധായകനും നിര്‍മാതാവും മിണ്ടില്ല. എന്നാല്‍ അങ്ങനെ പറഞ്ഞ സംവിധായകരുടയൊക്കെ സിനിമകളില്‍ രാത്രി ഒരു മണിവരെ 62 ആം വയസിലും മമ്മൂട്ടി അഭിനയിക്കുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. താരാധിപത്യത്തിന് മുമ്പില്‍ മുട്ട് മടക്കുന്നതാണ് പ്രശ്‌നം, അങ്ങനെയുള്ള ഏറാന്‍മൂളികളാണ് സിനിമയിലുള്ളവരില്‍ അധികവും. അവരാണ് ഈ കലാരൂപത്തെയും വ്യവസായത്തെയും നശിപ്പിക്കുന്നത്. ജോഷിയെയോ, രണ്‍ജിപണിക്കരെയോ, രഞ്ജിത്തിനെയോ, ലാല്‍ജോസിനെയോ, സത്യന്‍ അന്തിക്കാടിനെയോ പോലുള്ളവരുടെ ലൊക്കേഷനുകളിലൊന്നും ഒരു താരവും തങ്ങളുടെ മാടമ്പിത്തരം കാട്ടാറില്ല, കാരണം താടിയുള്ളപ്പനേ പേടിയുണ്ട്.

മോഹന്‍ലാലും പതിനൊന്ന് മണികഴിഞ്ഞേ ലൊക്കേഷനില്‍ വരാറുള്ളൂ. എന്നാല്‍ രാവിലെ ആറ് മണിക്ക് വരണമെന്ന് പറഞ്ഞാല്‍ അഞ്ച് മണിക്കേ വരും. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ എത്ര രാത്രി വരെയും അഭിനയിക്കാന്‍ തയ്യാറാണ്. എന്നാല്‍ അടുത്തകാലത്തായി മോഹന്‍ലാലിന് സിനിമയോടുള്ള ആസക്തി കുറഞ്ഞതായി പല സംവിധായകരും സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്നു. രഞ്ജിത്തിന്റെ ലോഹം എന്ന സിനിമയുടെ സെറ്റില്‍ നടന്ന ഒരു കാര്യം ഉദാഹരണമായി പറയാം, മോഹന്‍ലാലിനെ വെച്ച് രഞ്ജിത്ത് ഒരു വൈഡ് ഷോട്ട് മൂന്നാല് തവണ എടുത്തിട്ടും അദ്ദേഹത്തിന് തൃപ്തിയായില്ല. ' ഈ ഷോട്ട് ക്ലോസില്‍ എടുത്താല്‍ പോരെ രഞ്ജി' എന്ന് ലാല്‍ ചോദിച്ചു. പോരാ, വൈഡ് തന്നെ വേണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. വീണ്ടും ടേക്ക് എടുക്കുന്നതിനിടെ മോഹന്‍ലാല്‍ തന്റെ മാനേജരായ ആന്റണി പെരുമ്പാവൂരുമായി എന്തോ സംസാരിച്ചു. അടുത്ത ടേക്ക് എടുത്ത് പൂര്‍ത്തിയായി രഞ്ജിത്ത് ഒകെ പറയും മുമ്പ് സെറ്റിലുണ്ടായിരുന്നവരെല്ലാം കയ്യടിച്ചു, നന്നായെന്ന് പറഞ്ഞു. അത് കണ്ട് രഞ്ജിത്ത് അമ്പരന്ന് പോയി. ആന്റണി പെരുമ്പാവൂരിനെ കൊണ്ട് മോഹന്‍ലാല്‍ ഒപ്പിച്ച പണിയായിരുന്നു അത്. അതോടെ മോഹന്‍ലാലുമായി രഞ്ജിത് മാനസികമായി അകന്നു.
https://www.facebook.com/Malayalivartha























