മമ്മൂട്ടിയെ കുറിച്ച് പ്രചരിയ്ക്കുന്ന വിശേഷണങ്ങള്‍ക്കെതിരെ മണിയന്‍പിള്ള; രക്ഷപ്പെടാന്‍ മുള്ളന്‍പന്നി മുള്ളുവിരിച്ച് കാണിക്കുന്നത് പോലെയാണ് മമ്മൂട്ടി

മമ്മൂട്ടിയുടെ പരുക്കന്‍ സ്വഭാവത്തെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അടുക്കാന്‍ പ്രയാസമാണ്, മുന്‍ കോപക്കാരനാണ്, അഹങ്കാരിയാണ് എന്നൊക്കെയാണ് ചിലരുടെ അഭിപ്രായം. ഒരിടയ്ക്ക് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ പറയുകയുണ്ടായി, വാപ്പച്ചിയ്ക്ക് അദ്ദേഹത്തില്‍ ഇഷ്ടമില്ലാത്ത ഏക സ്വഭാവം ഈ ദേഷ്യമാണെന്ന്. ദേഷ്യത്തെ കുറിച്ച് മെഗാസ്റ്റാറിനോട് ചോദിച്ചപ്പോള്‍, തന്നെ സ്വയം രക്ഷിക്കാന്‍ വേണ്ടി ദേഷ്യം അഭിനയിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയെ കുറിച്ച് പ്രചരിയ്ക്കുന്ന ഇത്തരം വിശേഷണങ്ങള്‍ക്കെതിരെ ഇതാ ഇപ്പോള്‍ മണിയന്‍ പിള്ള രാജുവും. മുള്ളന്‍പന്നി രക്ഷപ്പെടാന്‍ വേണ്ടി മുള്ളുവിരിച്ച് കാണിക്കുന്നത് പോലെയാണ് മമ്മൂട്ടി എന്നാണ് രാജു പറഞ്ഞത്.
മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള' എന്ന സിനിമ റിലീസ് കഴിഞ്ഞ സമയം. ഞാന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിനായി മദ്രാസിലേക്ക് പോകുകയാണ്. തിരുവനന്തപുരത്ത് തമ്പാന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ അവിടെ ശ്രീകുമാരന്‍തമ്പിയുടെ മുന്നേറ്റം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ഞാന്‍ പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ ഓടി വന്ന് എന്നെ പരിചയപ്പെട്ടു. ഞാന്‍ മമ്മൂട്ടി. മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമ കണ്ടു. നന്നായിട്ടുണ്ട്. ആ സമയത്ത് രണ്ടോ മൂന്നോ സിനിമകളിലൊക്കെ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് ഞാനും മമ്മൂട്ടി എന്ന നടനെക്കുറിച്ച് അറിഞ്ഞിരുന്നു. ഞങ്ങളങ്ങനെ പരിചയപ്പെട്ടു.
ഞങ്ങള്‍ ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം പത്മരാജന്‍ സാറിന്റെ കൂടെയെവിടെയണ്. മമ്മൂട്ടിക്ക് വലിയ ഗര്‍വ്വാണ്, അഹങ്കാരിയാണ്, ജാഡയാണ് എന്നെല്ലാം ആയിടയ്ക്ക് പലരും പറയുമായിരുന്നു. എന്നാല്‍ ഈ പറയുന്നതൊന്നും മമ്മൂട്ടിയിലില്ല എന്ന യാഥാര്‍ത്ഥ്യം കൂടെവിടെയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി. മുള്ളന്‍പന്നി രക്ഷപ്പെടാന്‍വേണ്ടി മറ്റുള്ളവരുടെ മുമ്പില്‍ മുള്ളുവിരിച്ച് കാണിക്കുന്നതുപോലെയാണ് മമ്മൂട്ടിയെന്ന് എനിക്ക് അക്കാലത്തെ മനസ്സിലായിട്ടുണ്ട്.
കൂടെവിടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ മമ്മൂട്ടിയോടൊപ്പം ഭാര്യ സുല്‍ഫത്തും മകള്‍ സുറുമിയുമുണ്ടായിരുന്നു. അന്ന് ദുല്‍ക്കര്‍ ജനിച്ചിട്ടില്ല. സുറുമിയെ ഞാന്‍ ഒക്കത്തുവച്ച് സെറ്റിലൊക്കെ കൊണ്ടുനടക്കുമായിരുന്നു. കൂടെവിടെയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും ഞാനും മമ്മൂട്ടിയും നല്ല ഫ്രണ്ട്സായി മാറിയിരുന്നു- മണിയന്‍ പിള്ള രാജു പറഞ്ഞു.
കൂടെവിടെ എന്ന ചിത്രത്തില്‍ തുടങ്ങിയ മമ്മൂട്ടിയുടെയും മണിയന്‍ പിള്ള രാജുവിന്റെയും സൗഹൃദം ഇന്നും തിളക്കം മങ്ങാതെ നിലനില്‍ക്കുന്നു. മുപ്പതിയഞ്ചോളം ചിത്രങ്ങളില്‍ മമ്മൂട്ടിയും മണിയന്‍ പിള്ള രാജുവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























