മൂന്ന് പാകിസ്ഥാൻ സൈനികരെ വെടിവെച്ച് കൊന്ന് താലിബാൻ ഭീകരർ..ഇനി പാക്-താലിബാൻ യുദ്ധം

ഭീകരരെ വളർത്തിയ പാകിസ്താന് കനത്ത തിരിച്ചടി നൽകി ഭീകരർ. പാകിസ്താൻ അതിർത്തിമേഖലകളിൽ സജീവമായ തെഹ്‌രീക് -ഇ-താലിബാന്റെ ആക്രമണത്തിൽ മൂന്ന് പാക് സൈനികർക്ക് ജീവൻ നഷ്ടമായി. ഭീകരരെ പ്രതിരോധിക്കുന്നതിനിടെ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ വസീറിസ്ഥാൻ മേഖലയിലെ മിറാൻ ഷാ പട്ടണത്തിലാണ് ആക്രമണം നടന്നത്. താലിബാനും പാകിസ്താനും തമ്മിലുള്ള വേലിതർക്കം ഒരാഴ്ചയ്‌യായി രൂക്ഷമാണ്.
പാക് അതിർത്തിയിൽ നടന്ന ഭീകരാക്രമണം ഇതിന്റെ തുടർച്ചയാണെന്നാണ് വിലയിരുത്തൽ. ഡ്യൂറന്റ് അതിർത്തിയിൽ പാകിസ്താൻ കമ്പിവേലികെട്ടി അടയ്‌ക്കുന്നതിനെതിരെ സ്ഥിരം അതിർത്തി കടക്കാറുള്ള താലിബാൻ ഭീകരർ എതിർപ്പ് അറിയിച്ചിരുന്നു. പാകിസ്താൻ അഫ്ഗാനിൽ കടത്തിവിട്ട ലഷ്‌ക്കർ, ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനകളോടുള്ള അമർഷം താലിബാൻ തുറന്ന് പ്രകടിപ്പിച്ചിരുന്നു. 2007 മുതൽ അഫ്ഗാൻ പാകിസ്താൻ അതിർ ത്തിയിൽ തെഹ് രിക്-ഇ-താലിബാൻ പാക് സൈന്യത്തിനെതിരെ പോരാടുകയാണ്.
നിലവിലെ അഫ്ഗാൻ പിടിച്ച താലിബാനെതിരാണ് തെഹരിക് ഇ താലിബാൻ. ഭരണകൂടത്തെ ധിക്കരിച്ചാണ് ഇവർ പാകിസ്താനെതിരെ പോരാടുന്നത്. 3000 നും 5000നും ഇടയിൽ ഭീകരരും അവരുടെ കുടുംബങ്ങളുമാണ് പാക് അതിർത്തി കടന്ന് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇതിനിടെ,അഫ്ഗാനിൽ താലിബാൻ അധികാരമേറ്റശേഷം പാകിസ്താനെതിരെ തെഹ്‌രീക്-ഇ-താലിബാൻ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്.
ഇതിന് കാരണവുമുണ്ട് കാബൂൾ താലിബാൻ പിടിച്ചശേഷം സൈനിക മേധാവിത്വം കാണിക്കാൻ പാകിസ്താൻ പലതവണ ശ്രമിച്ചിരുന്നു. ഇതിനെതിരെ താലിബാൻ പലതവണ രംഗത്തെത്തിയിരുന്നു. താലിബാന്റെ സേനയും പാക് ബോർഡർ ഫോഴ്‌സും നേർക്കുനേർ വന്ന പല സന്ദർഭങ്ങളും ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.
ഈ മാസം ആദ്യമേ തന്നെ താലിബാൻ സേന അതിർത്തിയിൽ ഡ്യൂറന്റ് ലൈൻ മേഖലയിൽ സൈനിക അഭ്യാസം നടത്തിയത് പാകിസ്താനെ പ്രകോപിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കാബൂളിലെത്തി പാക്‌സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തുകയും ചെയ്തു. ഇതിനിടെ താലിബാൻ സൈന്യമാണ് അതിർത്തികടക്കുന്നതെന്ന ആരോപമാണ് പാക് സൈനികർ ഉയർത്തുന്നത്.
താലിബാൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ തുടങ്ങിയതോടെ പാകിസ്താൻ മൂന്നു തരത്തിൽ സമ്മർദ്ദത്തിലാവുകയാണ്. പാകിസ്താന് അകത്തുള്ള ഭീകരസംഘടനയായ തെഹരീക് ഇ താലിബാൻ പാകിസ്താൻ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ബലൂചി സ്താനിലും പാക് സൈന്യത്തിനെതിരെ പ്രാദേശിക സേനകളുടെ ആക്രമണം തുടരുകയാണ്. 2021ൽ മാത്രം ഭീകരാക്രമണം 50 ശതമാനത്തോളം വർദ്ധിച്ചതായാണ് പാക് ആഭ്യന്തര വകുപ്പ് പറയുന്നത്.
2007 മുതൽ പാകിസ്താൻ സർക്കാരിനെതിരെ പോരാടുകയും രാജ്യത്തുടനീളമുള്ള ഡസൻ കണക്കിന് ആക്രമണങ്ങളിൽ സാധാരണക്കാരെയും സുരക്ഷാ സേനയെയും ടിടിപി വകവരുത്തിയിട്ടുണ്ട്. ടിടിപിയുമായി ചർച്ചകൾ ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷം പാകിസ്താൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടിടിപി ഒരു മാസത്തിനുശേഷം, പാകിസ്താൻ സർക്കാരുമായുള്ള വെടിനിർത്തൽ അവസാനിപ്പിക്കുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചു.
ടിടിപിയും അഫ്ഗാനിസ്ഥാൻ താലിബാനും സഖ്യത്തിലാണെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, അവർ പ്രത്യേക പ്രവർത്തനവും കമാൻഡ് ഘടനയും നിലനിർത്തുന്നു. 2007 മുതൽ പാകിസ്താൻ താലിബാൻ നിരവധി മാരകമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. 2014ൽ പെഷവാർ സ്‌കൂളിൽ 132 കുട്ടികളടക്കം 140 പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്തിരുന്നു.
2009ൽ സൈനിക ആസ്ഥാനത്ത് നടന്ന ആക്രമണം, സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണം, 2008-ൽ ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലിൽ ബോംബ് സ്ഫോടനം എന്നിവ ഉൾപ്പെടെയുള്ള ആക്രമണങ്ങൾക്കും നിരോധിത തീവ്രവാദ സംഘടനയെയാണ് പാകിസ്താൻ കുറ്റപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























