നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം, പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ അന്ത്യം ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, മരണവാർത്ത പുറത്തുവിട്ടത് പാക്ക് മാധ്യമങ്ങൾ

പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് മുഷറഫ് ചികിത്സയിലായിരുന്നു. പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്. 2001 മുതല്‍ 2008 വരെ പാകിസ്ഥാന്‍ പ്രസിഡന്‍റ് ആയിരുന്നു.പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പടെ നിരവധി കേസുകൾ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഷറഫിനെ നേരത്തെ റാവൽപിണ്ടിയിലെ ആംഡ് ഫോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിലേക്ക് മാറ്റിയിരുന്നു. 2016 മാർച്ച് മുതൽ ദുബായിലായിരുന്ന മുഷറഫ് അമിലോയിഡോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു. അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീൻ അവയവങ്ങളിൽ അടിഞ്ഞുകൂടുകയും അവയുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അപൂർവ രോഗമാണിത്. “അതീവ ഗുരുതരാവസ്ഥയിലും അവയവങ്ങൾ തകരാറിലാകുന്നതുമായ അവസ്ഥയിലാണ് മുൻ സൈനിക മേധാവിയെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ഇക്കഴിഞ്ഞ ജൂണിൽ ഒരു പത്രകുറിപ്പിൽ അറിയിച്ചിരുന്നു.
രാജ്യത്തെ കരസേന മേധാവിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിയുകയായിരുന്നു. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസിലടക്കം അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
1943 ആഗസ്റ്റ് 11 ഡൽഹിയിലാണ് മുശർറഫ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കറാച്ചിയിലെ സെന്റ് പാട്രിക് ഹൈസ്കൂളിൽ പൂർത്തീകരിച്ചു. ലാഹോറിലെ ഫോർമാൻ കോളജിലായിരുന്നു ഉന്നതവിദ്യാഭ്യാസം. 1961 ഏപ്രിൽ 19നാണ് പാകിസ്താൻ സൈന്യത്തിന്റെ ഭാഗമാവുന്നത്. സ്‍പെഷ്യൽ സർവീസ് ഗ്രൂപ്പിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1965,1971 യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.
1998ലാണ് ജനറൽ റാങ്കിലേക്ക് ഉയർന്നത്. പിന്നീട് സൈനികമേധാവിയായി.എന്നാൽ കഴിഞ്ഞ വർഷവും പര്‍വേസ് മുഷറഫ് അന്തരിച്ചെന്ന വാർത്ത പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് പിന്നീട് കുടുംബത്തിന്റെ ഭാഗത്ത് നിന്ന് വിശദീകരണം വന്നേതോടെ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചു.
ആരോഗ്യനില മോശമായി തുടരുകയാണെന്നും അദ്ദേഹം ഗുരുതരാവസ്ഥയിലാണുള്ളതെന്നും കുടുംബം വ്യക്തമാക്കി. മുഷറഫിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് കുടുംബം പ്രതികരണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകളും നീക്കം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha