ഹരീഷിന്റെ നോവൽ വിവാദമായതോടെ മാതൃഭുമി ബഹിഷ്ക്കരിക്കാൻ ബി ജെ പിയും, സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കുന്ന ഏഷ്യാനെറ്റിനെ അവഗണിക്കാൻ സി പി എമ്മും..

സി പി എം ഏഷ്യാനെറ്റ് ചാനലും ബി ജെ പി മാത്യുഭൂമി പ്രസിദ്ധീകരണങ്ങളും ബഹിഷ്ക്കരിക്കുന്നു. നിരന്തരം സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കുന്ന ഏഷ്യാനെറ്റിനെ അവഗണിക്കാൻ സി പി എം, മന്ത്രിമാർക്ക് നിർദ്ദേശം നൽകും. പാർട്ടി പ്രവർത്തകരാരും ഏഷ്യാനെറ്റ് കാണരുതെന്ന് പാർട്ടി അണികൾക്കും നിർദ്ദേശം നൽകും.
ഹരീഷിന്റെ നോവൽ വിവാദമായതോടെയാണ് മാതൃഭുമി ബഹിഷ്ക്കരിക്കാൻ ബി ജെ പി തീരുമാനിച്ചത്. ആർ എസ് എസ് , സംഘപരിവാർ സംഘടനകളും അവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മാത്യഭൂമിക്ക് എതിരായ സന്ദേശങ്ങൾ വ്യാപിപ്പിച്ച് കഴിഞ്ഞു. ക്ഷേത്രത്തിൽ പോകുന്നത് ലൈംഗിക സുഖം അനുഭവിക്കാനാണെന്ന മട്ടിലുളള എഴുത്താണ് വിവാദമായത്. വിവാദമുണ്ടാക്കാൻ വേണ്ടി ഒരു രചന എന്നതിൽ കവിഞ്ഞ് മീശ എന്ന നോവലിന് മറ്റ് പ്രത്യേകതകളൊന്നുമില്ല. ആഴ്ചപതിപ്പിന്റെ സർക്കുലേഷൻ വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ അത് പാളി.
മാതൃഭൂമിയും ഏഷ്യാനെറ്റും ഭീകര പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. കേരളത്തിൽ സി പി എം വിശ്വാസികളാണ് കൂടുതലുള്ളത്. അവർക്കിടയിൽ നിന്നും അകന്നു പോയാൽ നിലനില്പ് ഇല്ലാതാകുമെന്ന് ഏഷ്യാനെറ്റിനറിയാം. മാതൃഭൂമിയുടെ വായനക്കാരിൽ ഒരു വലിയ ശതമാനം ഹൈന്ദവരാണ്. അവർ പത്രവും ആഴ്ചപതിപ്പും നിർത്തിയാൽ മാതൃഭൂമി മാനേജ്മെന്റ് പ്രതിസന്ധിയിലാകും.
ഏഷ്യാനെറ്റിന്റെ നിലപാടുകൾ കാരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാതിരുന്നത്. തിങ്കളാഴ്‌ച ചെങ്ങന്നൂരിൽ നടത്താൻ ഉദ്ദേശിച്ച ക്യഷി വകുപ്പിന്റെ യോഗത്തിന് ശേഷം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായിരുന്നു പിണറായിയുടെ പരിപാടി.
എന്നാൽ ഞായറാഴ്ച രാവിലെ തന്നെ മുഖ്യമന്ത്രിക്കെതിരെ ഏഷ്യാനെറ്റ് രംഗത്തെത്തി. മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചില്ലെന്നായിരുന്നു പരാതി. അത് ഓ രാജഗോപാൽ അടക്കമുള്ള ബി ജെ പി, കോൺഗ്രസ് നേതാക്കൾ ഏറ്റെടുത്തു. ചാനലിന്റെ ശ്രമം തന്നെ കരിവാരി തേയ്ക്കലാണെന്ന് മനസിലാക്കിയ പിണറായി യാത്ര റദ്ദാക്കി.പ്രളയമുണ്ടായപ്പോൾ തന്നെ ഉദ്യോഗസ്ഥരെ വിളിച്ചു കിട്ടി നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നു. എന്നിട്ടും ചാനലുകാർ വെറുതെ വിട്ടില്ല.
ഏഷ്യാനെറ്റിനെതിരെ നേരത്തെ സി പി എമ്മിൽ മുറുമുറുപ്പുണ്ട്. ചാനൽ നടപ്പിലാക്കുന്നത് സംഘപരിവാർ ആശയങ്ങളാണെന്ന ആരോപണം നിലവിലുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ആശയങ്ങൾ നടപ്പിലാക്കുക മാത്രമാണ് ലക്ഷ്യം. വാർത്താവതാരകർ അതിനു വേണ്ടിയാണ് മത്സരിക്കുന്നത്. കൊല്ലത്തെ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രി കാര്യങ്ങളെ പോസിറ്റീവായി കാണണമെന്നു പറഞ്ഞത് മാധ്യമങ്ങളെ കൂടി ഉദ്ദേശിച്ചാണ്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ മാധ്യമങ്ങളോടുള്ള അസഹ്യത പ്രകടമായിരുന്നു.
രണ്ട് വൻകിട മാധ്യമങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വാർത്തകൾ സംപ്രേക്ഷണം ചെയ്യുമ്പോഴുണ്ടായ ജാഗ്രത കുറവാണ് ഇരു സ്ഥാപനങ്ങൾക്കും വിനയായത്. മലയാളത്തിലെ ഏറ്റവും പഴക്കം ചെന്ന ചാനലാണ് ഏഷ്യാനെറ്റ്. പത്രമുത്തശിയാണ് മാതൃഭൂമി. പക്വതയില്ലാത്ത പത്രപ്രവർത്തകരുടെ പ്രവ്യത്തി കാരണമാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്ന് മാനേജ്മെൻറ് പറയുമ്പോൾ തന്നെ മാനേജ്മെന്റിന്റെ ജാഗ്രത കുറവ് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ട്. പത്രസ്ഥാപനങ്ങൾ മതങ്ങളോട് പുലർത്തേണ്ട നൈതികത ഇതിൽ ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കുന്നത്.
https://www.facebook.com/Malayalivartha























